ശാസ്താംകോട്ട- കണ്ടും കേട്ടും തൊട്ടറിഞ്ഞും അര്‍ത്ഥവത്താക്കേണ്ട ഒരു വിദ്യാലയവര്‍ഷം, ഓണ്‍ലൈന്‍ പഠനത്തിന്റെ നിര്‍ജീവനത അറിഞ്ഞ ഒരു വര്‍ഷം. പഠനത്തിലോ പാഠ്യേതര പ്രവര്‍ത്തനങ്ങളിലോ വിദ്യാര്‍ത്ഥികള്‍ ഒരിക്കലും പിറകില്‍ ആകരുതെന്ന വാശിയോടെ അധ്യാപകരും അധികൃതരും വാശിയോടെ കഠിനാധ്വാനം ചെയ്ത വര്‍ഷം. എങ്കിലും അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തില്‍ ഒരല്‍പ്പം പോലും വിടവ് ഉണ്ടാകാതിരിക്കാന്‍ ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപകര്‍ പ്രത്യേക കരുതലോടെ നടപ്പാക്കിയ ആശയം ശ്രദ്ധേയമാണ്. ഓരോ അധ്യാപകരും സ്വന്തം കൈപ്പടയില്‍ തങ്ങളുടെ ക്ലാസിലെ ഓരോ വിദ്യാര്‍ത്ഥിക്കു കത്തെഴുതുന്നു. വിദ്യാര്‍ത്ഥികളോടൊപ്പമുള്ള ഈ ഓണ്‍ലൈന്‍ വര്‍ഷത്തെ പ്രത്യേക ഓര്‍മ്മകളും രക്ഷിതാക്കളോടുള്ള സ്‌നേഹവും കടപ്പാടുമൊക്കെ പ്രതിപാദിക്കുന്ന കത്തില്‍ അധ്യാപികയുടെ സ്‌നേഹം തൊട്ടറിയാം. അകലങ്ങളില്‍ നിന്നും ഇന്ദിരയെ തേടി വന്ന നെഹ്റ്രുവിന്റെ കത്തുകളും എബ്രഹാം ലിങ്കന്റെ പിതാവ് അധ്യാപികയ്ക്ക് എഴുതിയ കത്തുമൊക്കെ ചരിത്രപുസ്തകത്തില്‍ പഠിച്ച നമ്മുടെ കുട്ടികള്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കാനുള്ള ഒരു അമൂല്യനിധി തന്നെയാവും ഇത്. സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ഡോ. ജി. എബ്രഹാം തലോത്തില്‍, പ്രിന്‍സിപ്പല്‍ ബോണിഫേഷ്യ വിന്‍സെന്റ് എന്നിവയുടെ പിന്തുണയോടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജൂഡി തോമസ് ആണ് ഈ ആശയം നടപ്പിലാക്കിയത്.