ന്യൂഡല്‍ഹി: രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച്‌ വാര്‍ത്ത വിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കര്‍. ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ വ്യവസായ സമൂഹവുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്രയും വലിയ നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമ പരിഷ്‌കാരം നടത്തുന്നതില്‍ സമൂഹ മാധ്യമങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങള്‍ക്കുളള കരട് തയാറാക്കിയതെന്നും, പ്രകോപനപരമായ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് നടപടി കടുപ്പിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നവമാധ്യമങ്ങളായ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍, ന്യൂസ് സൈറ്റുകള്‍, വിവിധ സമൂഹമാധ്യമങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പുതിയ ചട്ടത്തിന് വിധേയമാകും. ഡിജിറ്റല്‍ എത്തിക്സ് കോഡിലൂടെ രാജ്യത്തെ എല്ലാ സോഷ്യല്‍ മീഡിയ, ഒ.ടി.ടി. പ്ലാറ്റുഫോമുകള്‍ക്കും നിയമപരമായ നിയന്ത്രണം ഏര്‍പ്പെടുത്തും. വാര്‍ത്തകളെ അതിവോഗം എത്തിക്കുന്ന ഓണ്‍ലൈന്‍ ഇടങ്ങളെ നിയന്ത്രിക്കുകവഴി ഡിജിറ്റല്‍ മാധ്യമങ്ങളുടെ നിയന്ത്രണത്തിലേക്കാണ് സര്‍ക്കാര്‍ കടക്കുന്നത്. ദേശവിരുദ്ധ ന്ലപാടുകള്‍, പരാമര്‍ശങ്ങള്‍ ഇവയെ ഒരു കാരണവശാലും പ്രോത്സാഹിപ്പക്കാനാവില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇതോടെ സെന്‍സറിംഗ് കൂടുതല്‍ കര്‍ശനമാകാനാണ് സാധ്യത. സോഷ്യല്‍ മീഡിയ ആപ്പുകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം, ട്വിറ്റര്‍ എന്നിവയും വിഡിയോ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയവയ്ക്കും പുതിയ നിയമം ബാധകമാകും. മാത്രവുമല്ല എല്ലാത്തരം ഓണ്‍ലൈന്‍ ന്യൂസ് ചാനലുകളും എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളും ഡിജിറ്റല്‍ കോഡ് എത്തിക്സ് കോഡ് ചട്ടത്തിന്റെ പരിധിയില്‍ വരും.

പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച്‌ സമൂഹമാധ്യമങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അശ്ലീല സന്ദേശങ്ങളും, ചിത്രങ്ങളും പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നീക്കണം. അധികൃതര്‍ വിലക്കുന്നവ 36 മണിക്കൂറിനകം നീക്കണമെന്നും നിര്‍ദേശമുണ്ട്. ഡിജിറ്റല്‍ ന്യൂസ് സംവിധാനങ്ങള്‍ പ്രസ് കൗണ്‍സില്‍ ചട്ടം പാലിക്കണം. പുതിയ വാര്‍ത്താ സൈറ്റുകള്‍ വാര്‍ത്ത വിതരണ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മൂന്നു മാസത്തെ സമയമാണ് ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കര്‍ഷക സമരത്തെ അനുകൂലിച്ചുകൊണ്ട് പ്രകോപനപരമായ പോസ്റ്റുകള്‍ വന്ന 1,500 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്രം നിര്‍ദേശിച്ചെങ്കിലും അംഗീകരിക്കാന്‍ ട്വിറ്റര്‍ തയാറായിരുന്നില്ല. സമൂഹ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും മാധ്യമങ്ങള്‍ രാജ്യത്തെ ജനങ്ങളെ ശക്തിപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കിയതോടൊപ്പം സമൂഹമാധ്യമങ്ങളുടെ ദുരുപയോഗവും കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമ പരിഷ്‌ക്കാരം കൊണ്ടുവരുന്നതെന്നും അദ്ദേബം ചൂണ്ടിക്കാട്ടി.