വാഷിംഗ്ടണ്‍: ഭീകരകേന്ദ്രങ്ങളില്‍ വ്യോമാക്രമണം, ഇറാന്‍ ഉള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കി അമേരിക്ക. ബൈഡന്റെ നേരിട്ടുളള നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇറാന്റെ പിന്തുണയോടെ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരുടെ കേന്ദ്രങ്ങള്‍ക്കുനേരെയായിരുന്നു ആക്രമണം. സഖ്യരാജ്യങ്ങളുടെ അറിവോടെയാണ് ആക്രമണം നടത്തിയത്. ഇറാനുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ബൈഡന്‍ സൂചന നല്‍കിയതിനു പിന്നാലെയായിരുന്നു ആക്രമണം.

ഖായ് തിബ് ഹിസ്ബുള്ള, ഖായ് തിബ് സയ്യദ് അല്‍ ഷുഹദ എന്നീ ഭീകരസംഘടനകളുടെ താവളങ്ങളാണ് ആക്രമിച്ചത്. അവരുടെ സാങ്കേതിക സംവിധാനത്തെ ആക്രമണത്തിലൂടെ തകര്‍ക്കാന്‍ കഴിഞ്ഞെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. ഇറാഖിലെ അമേരിക്കയുടെയും സഖ്യസേനകളുടെയും സൈനിക ഉദ്യോഗസ്ഥര്‍ക്കുനേരെ ഉണ്ടായ ഭീകരാക്രമണത്തിനുളള മറുപടിയാണ് ഇപ്പോഴത്തേതെന്നാണ് അമേരിക്കന്‍ പ്രതിരോധമന്ത്രായലം പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞത്.