ന്യുയോര്‍ക്ക് : ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോര്‍ക്കില്‍ വ്യാപിക്കുന്നതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. അതിവേഗം വ്യാപിക്കുന്നതും, മാരകവുമായ സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകളാണ് ന്യുയോര്‍ക്ക് സിറ്റിയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചു. എ.1.526 എന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് നവംബറിലാണ് ആദ്യമായി ന്യുയോര്‍ക്കില്‍ കണ്ടെത്തിയത്. ഫെബ്രുവരി പകുതിയോടെ ഇത് 12% വര്‍ധിച്ചതായി കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതേ പഠന റിപ്പോര്‍ട്ട് കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും പുറത്തുവിട്ടിരുന്നു. കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി 1.427/ബി. 1. 429 എന്ന വകഭേദമാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഈ ഇനം വൈറസ് ബാധയുണ്ടായാല്‍, മറ്റിനങ്ങള്‍ ബാധിച്ചാല്‍ ഉണ്ടാകുന്നതിനെക്കാള്‍ ഏറെ വൈറല്‍ ലോഡ് ഉണ്ടാകും എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മനുഷ്യ ശരീരത്തില്‍, ഒരു നിശ്ചിതവ്യാപ്തം സ്രവത്തില്‍ കാണപ്പെടുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്.

മാത്രമല്ല, ഇതിന് കെന്റ്-സൗത്ത് ആഫ്രിക്കന്‍-ബ്രസീല്‍ ഇനങ്ങളെ പോലെ തന്നെ അതിവേഗം സംക്രമിക്കുവാനുള്ള കഴിവുമുണ്ട്. ഇതിലൊക്കെ ഭയാനകമായ കാര്യം, ബാധയേറ്റയാളുടേ മരണത്തിന് മറ്റിനങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാളേറെ 11 ഇരട്ടി സാധ്യതയുണ്ട് എന്നതാണ്. കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ ഏറ്റവും അധികം പകരുന്നത് ഈ ഇനത്തില്‍ പെട്ട വൈറസാണ്. മാര്‍ച്ച്‌ മാസം അവസാനത്തോടെ കാലിഫോര്‍ണിയയിലെ കോവിഡ് രോഗികളില്‍ 90 ശതമാനം പേരിലും ഈ വൈറസിന്റെ സാന്നിദ്ധ്യമായിരിക്കും കാണാനാകുക.

മറ്റിനം കൊറോണ വൈറസ്സുകളേക്കാള്‍ 19 മുതല്‍ 24 ഇരട്ടി അധിക വ്യാപനശേഷിയുള്ള ഈ ഇനത്തിന് മനുഷ്യശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അതിവേഗം പെറ്റുപെരുകാനും കഴിയും. കാലിഫോര്‍ണിയയില്‍ ഈ പുതിയ ഇനം വ്യാപകമാകാന്‍ തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഓരോ ഒമ്ബത് ദിവസങ്ങളിലും ഇരട്ടിയാകാന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, പ്രതിദിന മരണനിരക്കിലും വര്‍ദ്ധനവ് ദൃശ്യമായി. ഇന്നലെ 3000 ല്‍ അധികം മരണങ്ങളാണ് അമേരിക്കയില്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ 10 ദിവസങ്ങളില്‍ ഇതാദ്യമായാണ് പ്രതിദിന മരണസംഖ്യ 3000 കടക്കുന്നത്. ഇത് അമേരിക്കയുടെ മാത്രം കാര്യമല്ല, ഒരു ചെറിയ ഇടവേളയില്‍ രോഗവ്യാപനം കുറഞ്ഞതിനുശേഷം, പൊതുവേ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും രോഗവ്യാപനം ശക്തിപ്രാപിക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവയുടെ വ്യാപനശേഷി കണക്കിലെടുത്താല്‍, ലോകം മുഴുവന്‍ പടരുന്നതിന് അധികകാലം വേണ്ടിവരില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍, കഴിഞ്ഞ മാര്‍ച്ച്‌ -ഏപ്രില്‍ മാസങ്ങളില്‍ സംഭവിച്ചതുപോലെ ലോകം മുഴുവന്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു അവസ്ഥ വീണ്ടും ഉണ്ടായേക്കാം എന്നും മുന്നറിയിപ്പുകള്‍ വരുന്നുണ്ട്.

ഇപ്പോള്‍ ഉപയോഗിക്കുന്ന വാക്‌സീന്‍ വൈറസുകളെ നിര്‍ജീവമാക്കുന്നതിനും, മാരകമായ രോഗങ്ങളെ ചെറുക്കുന്നതിനും മതിയായതാണെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ഇത്തരം വൈറസുകളെ പ്രതിരോധിക്കുന്നതിനുള്ള ബൂസ്റ്റര്‍ ഷോട്ട്‌സ് കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു