മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയതിന് മോദിയെ പരിഹസിച്ച് എഴുത്തുകാരൻ ടോം ഹോളണ്ട്. സർക്കാസ്റ്റിക് രൂപേണയായിരുന്നു ടോമിൻ്റെ പരിഹാസം. എഴുത്തുകാരൻ ടോം ആണ് മോദിയെ പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റ് ചെയ്തതെങ്കിലും ഇതിനുള്ള പൊങ്കാല കിട്ടിയത് മാർവൽ സിനിമാ പരമ്പരയിൽ സ്പൈഡർമാൻ ആയി വേഷമിട്ട ടോം ഹോളണ്ടിനാണ്.

“ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം പേരു നൽകിയ മോദിയുടെ വിനയത്തെ ഞാൻ ആരാധിക്കുന്നു. നേതാക്കൾ ഇത്തരം ഉപായം സ്വീകരിക്കുന്നത് രാജ്യങ്ങൾക്ക് നല്ലതല്ല.”- ടോം ഹോളണ്ട് കുറിച്ചു.

ട്വീറ്റ് ക്ഷണനേരത്തിൽ വൈറലായി. ട്വീറ്റ് ചെയ്ത ആളുടെ പേരു കേട്ടപ്പോൾ ഹോളിവുഡ് നടൻ ആയിരിക്കുമെന്ന് വിചാരിച്ച് പൊങ്കാല മുഴുവൻ അദ്ദേഹം ഏറ്റുവാങ്ങി. ബാൻ സ്പൈഡർമാൻ ഹാഷ്ടാഗുകളും പ്രചരിച്ചു. കുറേ സമയങ്ങൾക്കു ശേഷമാണ് തങ്ങൾ ആളു മാറി പൊങ്കാല ഇടുകയാണെന്ന് നെറ്റിസൺസിനു മനസ്സിലായത്. പിന്നെ ഇത് തമാശയായി മാറുകയായിരുന്നു. തന്നെയും നടൻ ടോം ഹോളണ്ടിനെയും മാറിപ്പോകുന്നത് എപ്പോഴും സംഭവിക്കുന്നതാണെന്ന് എഴുത്തുകാരൻ ടോം ഹോളണ്ട് പിന്നീട് വിശദീകരിക്കുകയും ചെയ്തു.

ഇംഗ്ലീഷ് എഴുത്തുകാരാണ് 53കാരനായ ടോം ഹോളണ്ട്. നോവലുകളും ചരിത്ര പുസ്തകങ്ങളുമൊക്കെ അദ്ദേഹം എഴുതിയിട്ടുണ്ട്. ടെലിവിഷൻ ഡോക്യുമെൻ്ററികളും അദ്ദേഹം ചെയ്തിട്ടുണ്ട്. ആക്ടിവിസ്റ്റ് കൂടിയായ അദ്ദേഹത്തിൻ്റെ മിക്ക പുസ്തകങ്ങളും ബെസ്റ്റ് സെല്ലറുകൾ കൂടിയാണ്.