ടോൾ പിരിവ് ആരംഭിക്കുമെന്ന് കാണിച്ച് ഒരു മാസത്തിന് മുൻപ് കത്ത് ലഭിച്ചിരുന്നുവെന്നും എന്നാൽ പൊതുജനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആലോചിക്കാമെന്ന് പറഞ്ഞ് കത്ത് മടക്കി അയച്ചിരുന്നുവെന്നും കൊല്ലം ജില്ലാ കളക്ടർ അബ്ദുൾ നാസർ പറഞ്ഞു.

സർക്കാരിന്റെ അനുമതിക്ക് കാത്തിരിക്കുകയാണെന്നും, അതുവരെ നടപടി നീട്ടിവയ്ക്കണമെന്നും കളക്ടർ പറഞ്ഞുവെങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയ സാഹചര്യത്തിൽ കമ്പനി ടോൾ പിരിവ് നടപടിയുമായി മുന്നോട്ട് പോവുകയാണ്.

ഇന്ന് രാത്രിയോടെയാണ് കാല്ലം ബൈപ്പാസിൽ നാളെ മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്ന വാർത്ത പുറത്ത് വരുന്നത്. രാവിലെ എട്ട് മണി മുതൽ ടോൾ പിരിക്കാനാണ് കമ്പനി തീരുമാനം. ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ് ടോൾ പിരിവ് തുടങ്ങുന്നത.്

വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് ടോൾ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണ കൂടത്തെ കമ്പനി അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതർ ജില്ലാഭരണകൂടത്തെ അറിയിച്ചു.

എന്നാൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെയാണ് ടോൾ പിരിവ് തുടങ്ങുന്നത്. ടോൾ പിരിവ് ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ദേശീയപാത അതോറിറ്റിക്കാണ് കത്തയച്ചത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കത്തയച്ചത്. ഈ കത്ത് പരിഗണിക്കാതെയാണ് നാളെ ടോൾ പരിവ് ആരംഭിക്കാൻ തീരുമാനിച്ചത്.