തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടിലെ കര്‍ഷര്‍ക്ക് വേണ്ടി ട്രാക്ടര്‍ ഓടിക്കുന്നു, മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കടലില്‍ നീന്തുന്നു, നല്ലകാര്യം. ഡല്‍ഹില്‍ കൊടുവേനലില്‍ കര്‍ഷകര്‍ ഒന്നടങ്കം സമരത്തിലാണ്. രാഹുല്‍ തിരിഞ്ഞ് അവരെ നോക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ നവ ഉദാരവല്‍ക്കരണ നയങ്ങളാണ് വയനാട്ടില്‍ ഉള്‍പ്പെടെ കര്‍ഷകരുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയത്. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ കാപ്പി, കുരുമുളക് കൃഷി തകര്‍ന്നടിഞ്ഞു. 2000ത്തിന് ശേഷമുള്ള നാലഞ്ചു വര്‍ഷങ്ങളില്‍ 6000 കോടിയുടെ നഷ്ടമാണുണ്ടായതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ് റിപോര്‍ട്ട് ചെയ്തിരുന്നു. ഈ പാതകങ്ങള്‍ക്ക് കര്‍ഷകരോട് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നവഉദാരവല്‍കരണ നയങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി 1991ല്‍ വിദേശ കപ്പലുകള്‍ക്ക് മല്‍സ്യ ബന്ധനത്തിന് അനുമതി നല്‍കുന്ന നയം സ്വീകരിച്ചത്. ബിജെപിയ്ക്കും ഇതേ നയമാണ്. അന്ന് ഐക്യസര്‍ക്കാര്‍ വന്നപ്പോഴാണ് നയം തിരുത്തിയത്. ഇപ്പോള്‍ ദുഷ്ടലാക്കോടെ സര്‍്ക്കാരിനെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുലും യോഗിയും ശ്രമിക്കുന്നത്. ഇടതിനെതിരേ രണ്ടുപേര്‍ക്കും ഒരേ നിലപാടാണ്. വിദേശികള്‍ക്ക് സമ്ബത്ത് തീറെഴുതി നല്‍കുന്നതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ്.

ഗുജറാത്തിലെ രണ്ട് രാജ്യസഭ സീറ്റുകളിലേയ്ക്ക് മല്‍സരിക്കാന്‍ പോലും കോണ്‍ഗ്രസിന് ആയിട്ടില്ല. വിയോജിക്കുക, എതിര്‍ക്കുക എന്നത് ജനാധിപത്യത്തില്‍ പ്രധാനമാണ്. ഗുജറാത്തില്‍ സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താന്‍ കഴിയാത്ത കോണ്‍ഗ്രസിന് എന്ത് പ്രസക്തിയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ബിജെപിയെ നേരിട്ടുനിന്ന് എതിര്‍ക്കാനുള്ള ശക്തിപോലും കോണ്‍ഗ്രസിന് നഷ്ടപ്പട്ടിരിക്കുകയാണ്. ജയാപജയം നോക്കിയാണോ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. എതിര്‍പ്പ്, വിയോജിപ്പ് രേഖപ്പെടുത്തുക എന്നത് ജനാധിപത്യത്തില്‍ വളരെ പ്രധാനമാണ്. അതിനുപോലും കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന് എന്താണ് പ്രസക്തിയെന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല.

ഇത്തരമൊരു പാര്‍ട്ടിയുടെ നേതാവ് കേരളത്തില്‍ വന്ന് ഇടതുപക്ഷത്തിനെതിരെ അപവാദം പറയുമ്ബോള്‍ സഹതപിക്കാനേ നിവൃത്തിയുള്ളൂ. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളില്‍ നമ്മുടെ നാട്ടുകാരുമുണ്ട്. ഗുജറാത്ത് സംഭവത്തെപ്പറ്റി അവര്‍ എന്തുപറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്. അത് കഴിഞ്ഞ, പുതുച്ചേരിയിലെ കാര്യം പറയാനുള്ള ബാധ്യതയും അവര്‍ക്കുണ്ട്.

സാധാരണ നിലയില്‍ തിരഞ്ഞെടുപ്പ് വേളയില്‍, ധാരാളം കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ വരാറുണ്ട്. ആരും അസഹിഷ്ണുത കാട്ടാറില്ല. പക്ഷേ പ്രതികരണങ്ങള്‍ വസ്തുതാപരമായിരിക്കണം. രാഹുല്‍ ഗാന്ധിയ്ക്ക് ഇപ്പോള്‍ സ്ഥാനങ്ങളൊന്നുമില്ലെങ്കിലും അദ്ദേഹം വെറും എംപിയല്ല, കേന്ദ്ര നേതാവാണ്. യോഗിയേയും രാഹുല്‍ ഗാന്ധിയേയും പോലുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് ഇടതു സര്‍ക്കാരിന് ആവശ്യമില്ല.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍, പ്രത്യേകിച്ച്‌് കലാപങ്ങളും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളും നടക്കുന്ന സംസ്ഥാനം യുപിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ അഴിമതി നടക്കുന്നു എന്നാണ് യോഗി പറയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതിക്കാരുള്ള യുപിയിലാണെന്ന് അവിടത്തെ മന്ത്രിമാര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഒ റാങ്ക് ലിസ്റ്റില്‍ സാധ്യമായ പരിഹാരത്തിനേ സര്‍ക്കാരിന് ചെയ്യാന്‍ കഴിയൂ. രാജ്യത്ത്, സംസ്ഥാനത്ത്്, ഒരു നിയമവ്യവസ്ഥയുണ്ട് അതിനനുസരിച്ച്‌ മാത്രമേ സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ കൊവിഡ് പരിശോധന ഫല നിബന്ധന സംബന്ധിച്ച്‌ പ്രധാനമന്ത്രിയ്ക്ക കത്തയച്ചിട്ടുണ്ട്. അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇടുക്കി ജി്ല്ലയ്്ക്കായി പ്രത്യേക 12000 കോടി രൂപയുടെ പാക്കേജ് തയ്യാറാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു