യുട്ട ∙ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുന്നതിന് തീരുമാനിച്ചാൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വം ട്രംപിനു തന്നെയായിരിക്കുമെന്ന് യുട്ടയിൽ നിന്നുള്ള സെനറ്റർ മിറ്റ് റോംനി. ട്രംപിന്റെ വിമർശകനായ റോംനിയുടെ പ്രവചനം റിപ്പബ്ലിക്കൻ പാർട്ടിയെ പോലും ഞെട്ടിക്കുന്നതാണ്.

അടുത്ത നാലു വർഷം ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയിൽ സുപ്രധാന പങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ലെ തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുമോ എന്നത് വ്യക്തമല്ല. മത്സരിക്കാൻ തീരുമാനിച്ചാൽ അദ്ദേഹമായിരിക്കും റിപ്പബ്ലിക്കൻ സ്ഥാനാർഥിയെന്ന് നിസംശയം പറയാൻ ആഗ്രഹിക്കുന്നു മിറ്റ് റോംനി ഒരു അഭിമുഖത്തിൽ പറഞ്ഞു. ട്രംപിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഇന്നും റിപ്പബ്ലിക്കൻ പാർട്ടിയിലുണ്ടെന്നതാണ് പരമാർത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ കടുത്ത എതിരാളിയും, ട്രംപിന്റെ ആദ്യ ഇംപീച്ച്മെന്റ് ട്രയലിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് വാദിച്ചു ഡമോക്രാറ്റിക് പാർട്ടിക്കൊപ്പം വോട്ടു ചെയ്ത ഏക റിപ്പബ്ലിക്കൻ സെനറ്ററുമാണ് റോംനി. റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഇതിനകം തന്നെ ട്രംപിനെതിരെയുള്ള വിമർശനങ്ങൾക്ക് മയം വരുത്തിയിട്ടുണ്ട്.