ന്യുയോർക്ക് ∙ ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോർക്കിൽ വ്യാപിക്കുന്നതായി പുതിയ പഠനങ്ങൾ തെളിയിക്കുന്നു. അതിവേഗം വ്യാപിക്കുന്നതും, മാരകവുമായ സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ വൈറസുകളാണ് ന്യുയോർക്ക് സിറ്റിയിൽ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടികാണിച്ചു.

B.1.526 എന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് നവംബറിലാണ് ആദ്യമായി ന്യുയോർക്കിൽ കണ്ടെത്തിയത്. ഫെബ്രുവരി പകുതിയോടെ ഇത് 12% വർധിച്ചതായി കൊളംമ്പിയ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു. ഇതേ പഠന റിപ്പോർട്ട് കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും പുറത്തുവിട്ടിരുന്നു.

ഇപ്പോൾ ഉപയോഗിക്കുന്ന വാക്സീൻ വൈറസുകളെ നിർജീവമാക്കുന്നതിനും, മാരകമായ രോഗങ്ങളെ ചെറുക്കുന്നതിനും മതിയായതാണെന്നാണു ഡോക്ടർമാരുടെ അഭിപ്രായം. എന്നാൽ ഇത്തരം വൈറസുകളെ പ്രതിരോധിക്കുന്നതിനുള്ള ബൂസ്റ്റർ ഷോട്ട്സ് കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.