തിരുവനന്തപുരം: യുവജന ക്ഷേമ ബോര്‍ഡ് അധ്യക്ഷ ചിന്ത ജെറോമിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത്് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത്. സെക്രട്ടറിയേറ്റില്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഫിറോസിന്റെ വിമര്‍ശനം. കേരളത്തിലെ യുവജനങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ഒരു കമ്മീഷന്റെ ചെയര്‍പേഴ്‌സണ്‍ പദവിയിലിരിക്കുന്ന വ്യക്തിയാണെന്ന് പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

‘അങ്ങയുടെ ഓഫീസിന്റെ കിലോമീറ്ററുകള്‍ക്കുള്ളില്‍ ഒരു മാസത്തോളമായി ഉദ്യാഗാര്‍ത്ഥികള്‍ സമരത്തിലാണ്. അങ്ങേക്കറിയുമോ എന്നറിയില്ല പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് പ്രധാനമായും സമരക്കാര്‍ ഉന്നയിക്കുന്നത്. അങ്ങ് അതില്‍ ഇടപെടുന്നില്ല എന്നത് മാത്രമല്ല അവരെ കൊഞ്ഞനം കുത്തുന്ന നിലപാടുമായി മുന്നോട്ടു പോകുന്നു എന്ന കാര്യം ലളിതമായി പറഞ്ഞാല്‍ തെമ്മാടിത്തമാണ്’- ഫിറോസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ…

പ്രിയപ്പെട്ട ചിന്ത ജെറോം,

അങ്ങ് കേരളത്തിലെ യുവജനങ്ങളുടെ ക്ഷേമത്തിനായി രൂപീകരിച്ച ഒരു കമ്മീഷന്റെ ചെയര്‍പേഴ്‌സണ്‍ പദവിയിലിരിക്കുന്ന വ്യക്തിയാണ്. അങ്ങയുടെ ഓഫീസിന്റെ കിലോമീറ്ററുകള്‍ക്കുള്ളില്‍ ഒരു മാസത്തോളമായി ഉദ്യാഗാര്‍ത്ഥികള്‍ സമരത്തിലാണ്. അങ്ങേക്കറിയുമോ എന്നറിയില്ല പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് പ്രധാനമായും സമരക്കാര്‍ ഉന്നയിക്കുന്നത്. അങ്ങ് അതില്‍ ഇടപെടുന്നില്ല എന്നത് മാത്രമല്ല അവരെ കൊഞ്ഞനം കുത്തുന്ന നിലപാടുമായി മുന്നോട്ടു പോകുന്നു എന്ന കാര്യം ലളിതമായി പറഞ്ഞാല്‍ തെമ്മാടിത്തമാണ്.

യുവജനക്ഷേമ ബോര്‍ഡില്‍ പിന്‍വാതില്‍ വഴി 37 പേരെയാണ് സ്ഥിരപ്പെടുത്തിക്കൊണ്ട് ഇക്കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. അതില്‍ 21 പേരെ പുതിയ തസ്തിക സൃഷ്ടിച്ച്‌ സ്ഥിരപ്പെടുത്താനുമാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞും യാചിച്ചും സമരം ചെയ്യുമ്പോള്‍ നിങ്ങള്‍ പിന്‍വാതിലിലൂടെ യഥേഷ്ടം ജോലി നല്‍കുന്ന തിരക്കിലായിരുന്നു. കേരളത്തിലെ യുവജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന നിലപാടാണിതെന്ന് അങ്ങ് ഓര്‍ക്കുന്നത് നല്ലതാണ്.

ഇക്കഴിഞ്ഞ അഞ്ചു കൊല്ലം അങ്ങ് ശമ്പളമായി വാങ്ങിയത് 37 ലക്ഷമാണെന്നാണ് വാര്‍ത്ത വന്നത്. ഡി.വൈ.എഫ്.ഐക്കാര്‍ നല്‍കുന്ന പാര്‍ട്ടി ഫണ്ടില്‍ നിന്നല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങളും നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് അങ്ങിത് വാങ്ങിക്കൂട്ടിയത്. പിന്‍വാതില്‍ വഴി ജോലി നല്‍കുമ്പോള്‍ മിനിമം ആ ഓര്‍മ്മയെങ്കിലും അങ്ങേക്കുണ്ടാകണമായിരുന്നു