നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എം സുധീരനെ മലബാറിൽ മത്സരിപ്പിക്കാൻ നീക്കം. എഐസിസി പ്രതിനിധികൾ സുധീരനെ വസതിയിലെത്തി നേരിൽക്കണ്ട് കേന്ദ്ര താത്പര്യമറിയിച്ചു. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

മലബാറിലെ ഏതെങ്കിലുമൊരു സീറ്റിൽ സുധീരനെ രംഗത്തിറക്കാനാണ് പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ ആലോചന. കോഴിക്കോട് നോർത്ത്, കൊയിലാണ്ടി മണ്ഡലങ്ങളാണ് പരിഗണനയിലുളളത്. സുധീരനെപ്പോലെ മുതിർന്ന നേതാവ് മത്സരരംഗത്തേക്ക് വരുന്നത് മലബാറിൽ കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. സോണിയാ ഗാന്ധിയുടെ താത്പര്യം കൂടി കണക്കിലെടുത്താണ് മലബാറിന്റെ ചുമതലയുളള എഐസിസി സെക്രട്ടറി പി.വി മോഹനും തെക്കൻകേരളത്തിന്റെ ചുതലയുളള സെക്രട്ടറി പി.വിശ്വനാഥും സുധീരനെ വസതിയിലെത്തി നേരിൽക്കണ്ട് കേന്ദ്ര താത്പര്യമറിയിച്ചത്. എന്നാൽ, പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന പഴയ നിലപാടിൽ മാറ്റമില്ലെന്ന് വി.എം സുധീരൻ അറിയിക്കുകയായിരുന്നു.

ഇന്ന് വൈകിട്ട് എട്ടിന് കോൺഗ്രസിന്റെ നാൽപ്പതംഗ സ്ഥാനാർത്ഥി നിർണയ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് എഐസിസി പ്രതിനിധികൾ സുധീരനുമായി കൂടിക്കാഴ്ച നടത്തിയത്. സുധീരന്റെ നിലപാട് കൂടി പരിഗണിച്ചാകും സ്ഥാനാർത്ഥിത്വത്തിൽ പാർട്ടി നേതൃത്വം അന്തിമ തീരുമാനം കൈക്കൊള്ളുക.