സൗദി അറേബ്യയിലെ പ്രവാസികളുടെ ഇക്കാമ (റെസിഡന്‍സി പെര്‍മിറ്റ് ) ത്രൈമാസ അടിസ്ഥാനത്തില്‍ പുതുക്കുന്നതിനും വിതരണം ചെയ്യുന്നതിനും എടുത്ത തീരുമാനം നടപ്പിലാക്കുന്നതിനു അഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഉത്തരവായി. ആഭ്യന്തര മന്ത്രാലയം, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി (എസ്ഡിഎഐഎ), ധനകാര്യമന്ത്രാലയം, എണ്ണ ഇതര വരുമാന വികസന കേന്ദ്രം എന്നീ സര്‍ക്കാര്‍ സംവിധാനങ്ങളെ ആണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിനുള്ള തീയതിയില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണ് വിവരം. നിലവില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ ഇക്കാമ പുതുക്കിയിരുന്നത് പ്രവാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വന്‍ സാമ്ബത്തിക ചെലവിനു ഇടവരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കുറഞ്ഞത് മൂന്ന് മാസത്തേക്ക് ഇക്കാമകള്‍ പുതുക്കുന്നതിനു ജനുവരി 26 നാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്.