ഈ വര്‍ഷം നടക്കേണ്ടിയിരുന്ന കോപ അമേരിക്കയിലേക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ക്ഷണം ഉണ്ടായിരുന്നതായി എ ഐ എഫ് എഫ് വ്യക്തമാക്കി. അര്‍ജന്റീനയിലും കൊളംബിയയിലുമായി നടക്കേണ്ട ടൂര്‍ണമെന്റില്‍ നിന്ന് ഓസ്ട്രേലിയയും ഖത്തറും കഴിഞ്ഞ ദിവസം പിന്മാറുന്നതായി അറിയിച്ചിരുന്നു. ഓസ്ട്രേലിയ ആണ് പകരം ഇന്ത്യയെ പങ്കെടുപ്പിക്കുന്നതിനെ കുറിച്ച്‌ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷനോട് സംസാരിച്ചത്. ടൂര്‍ണമെന്റ് അധികൃതര്‍ ഇതു സംബന്ധിച്ച്‌ ഇന്ത്യയുമായി ചര്‍ച്ചകളും നടത്തി.

എന്നാല്‍ ഏഷ്യന്‍ കപ്പിനും ലോകകപ്പിനുമുള്ള യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഖത്തറിനെയും ഓസ്ട്രേലിയയെയും പോലെ ഇന്ത്യക്കും ഇത്തവണ കോപ അമേരിക്കയില്‍ പങ്കെടുക്കാന്‍ ആവില്ല‌. ഇതുകൊണ്ട് തന്നെ ഇന്ത്യ ക്ഷണം നിരസിക്കുകയായിരുന്നു. നെയ്മര്‍, മെസ്സി, സുവാരസ് പോലുള്ള ലോകോത്തര താരങ്ങള്‍ക്ക് എതിരെ കളിക്കാനുള്ള അവസരമാണ് നഷ്ടമായത് എന്നും എന്നാല്‍ സമീപഭാവിയില്‍ തന്നെ ഈ അവസരം വീണ്ടും വരുമെന്നാണ് പ്രതീക്ഷ എന്നും ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ സ്റ്റിമാച് പറഞ്ഞു.

ഓസ്ട്രേലിയയും ഖത്തറും പിന്മാറിയതോടെ പത്തു ടീമുകളുമായാകും ഇത്തവണ കോപ അമേരിക്ക നടക്കുക.