തിരുവനന്തപുരം: ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന വൈറസ് സംസ്ഥാനത്ത് ആദ്യമായി സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് ബാധിച്ചതായി കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ 72 കാരനാണ് ഈ വൈറസ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്. സംസ്ഥാനത്ത് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 11 ആയി. മറ്റു 10 പേരും യുകെയില്‍ നിന്ന് വന്നവരാണ്.

കേരളത്തില്‍ ഇപ്പോഴും കൊവിഡ് ശമനമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 4034 പേരില്‍ 3674 പേര്‍ക്കും വൈറസ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം കണ്ടെത്താനായില്ല. സംസ്ഥാനത്തിനു പുറത്തു നിന്നു വന്ന 81 പേരും 21 ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ്
പോസിറ്റീവായി. 69,604 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ശതമാനമാണ്.