കാലിഫോര്‍ണിയ: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സിന് ബോധം തെളിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ താരത്തിന്റെ വലതു കാലിന് താഴെയും കണങ്കാലിലുമായി ശസ്ത്രക്രിയ നടത്തി.

ശസ്ത്രക്രിയക്കു ശേഷം വുഡ്‌സ് പ്രതികരിക്കുന്നുണ്ടെന്നും സുഖം പ്രാപിച്ച്‌ വരികയാണെന്നും താരത്തിന്റെ
കുടുംബം അറിയിച്ചു.ഫെബ്രുവരി 23ന് കാലത്ത് ഏഴു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. റോളിംഗ് ഹില്‍സ എസ്റ്റേറ്റ്സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലായിരുന്നു സംഭവം.

നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നി താഴേക്ക് മറിയുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുകളുണ്ട്. ഹത്തോണ്‍ ബൊളിവാര്‍ഡില്‍ നിന്ന് ബ്ലാക്ക്‌ഹോഴ്‌സ് റോഡിലൂടെയുള്ള യാത്രയിലായിരുന്നു വുഡ്സിന്റെ വാഹനം.
അപകടം നടന്നതിനു പിന്നാലെ ലോസ് ആഞ്ജലീസ് കൗണ്ടി അഗ്‌നിശമന സേനാംഗങ്ങളും മറ്റും ടൈഗര്‍വുഡ്സിനെ കാറില്‍ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.