നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും സ്വത്ത് വകകള്‍ നശിക്കുകയും ചെയ്ത ഡല്‍ഹി കലാപം നടന്നിട്ട് ഒരു വര്‍ഷം തികയുന്നു. കുറ്റക്കരെ മുഴുവനായും കണ്ടെത്താനോ കുറ്റപത്രം സമര്‍പ്പിക്കാനോ ഇതുവരെ ഡല്‍ഹി പോലീസിനായില്ല. ഇരകളില്‍ പലര്‍ക്കും നഷ്ട പരിഹാരം നല്‍കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23 മുതല്‍ 25 വരെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിങ്ങനെ കോടി കണക്കിന് രൂപയുടെ സ്വത്ത് വകകള്‍ തീയിട്ട് നശിപ്പിച്ചു. നിരവധി ആളുകള്‍ വിധവകളും അനാഥരുമായി. പലരും ഭയന്ന് പലായനം ചെയ്തു. ആക്രമണത്തിന് ഇരയായവരില്‍ പലരും കലാപത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തരായിട്ടില്ല.

755 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പോലീസ് 407 കേസുകള്‍ ഇതുവരെ അന്വേഷിച്ചിട്ട് പോലുമില്ല. കലാപത്തിന് പോലീസിനും പങ്കുണ്ടെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. 1818 പേരെ ഇത് വരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.