കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിപ്പില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി മുന്‍ രഞ്ജി താരങ്ങള്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെസിഎയിലെ സാമ്പത്തിക ഇടപാടുകളിലടക്കം ക്രമക്കേടുണ്ടെന്നാരോപിച്ച് മുന്‍ രഞ്ജി താരങ്ങളായ ഒ.കെ. രാംദാസ്, പി.ടി. ഗോഡ്‌വിനടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.

നാല് വര്‍ഷക്കാലമായി ഓഡിറ്റ് നടത്തിയിട്ടില്ലെന്നും അസോസിയേഷന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് നിലവിലെ പ്രവര്‍ത്തനമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ കെസിഎയുടെ താത്കാലിക നടത്തിപ്പ് ചുമതല ഏല്‍പ്പിക്കണം.

കൂടാതെ ലോധ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുവാന്‍ കോടതി നിര്‍ദ്ദേശമുണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക