ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍: കേരളസര്‍ക്കാരിനെ പിടിച്ചു കുലുക്കുന്ന മത്സ്യബന്ധ പദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്കന്‍ മലയാളി ജോസ് എബ്രഹാമിനെ ഫോമയില്‍ നിന്നും പുറത്താക്കി. ഫോമയുടെ പേര് ദുരുപയോഗം ചെയ്തുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ പുറത്തു നിര്‍ത്തുന്നുവെന്നുമെന്നാണ് ഫോമ ജനറല്‍ സെക്രട്ടറി ടി. ഉണ്ണിക്കൃഷ്ണന്‍ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ഫോമയുടെ മുന്‍ സെക്രട്ടറിയാണ് ജോസ്. ജോസിന്റെ പ്രവര്‍ത്തനകാലത്താണ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇംഎംസിസി എന്ന കമ്പനി കേരളത്തിലെ മന്ത്രിമാരുമായി പങ്കാളിത്തത്തിന് ശ്രമിക്കുന്നത്. എന്നാല്‍ ഫോമയുടെ നടപടിക്കെതിരേ വിവിധ കോണുകളില്‍ നിന്നും പരാതി ഉയര്‍ന്നു കഴിഞ്ഞു. അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നുവെന്നു പറയുമ്പോഴും അനാവാശ്യ വിവാദത്തില്‍പ്പെട്ട ജോസിനെ സംരക്ഷിക്കേണ്ടതിനു പകരം തള്ളിപ്പറയാന്‍ തിടുക്കം കാണിച്ച രീതിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജോസും ഇംഎംസിസി കമ്പനിയും പദ്ധതിയില്‍ ഇതുവരെയും തെറ്റ് ചെയ്തതായി ഇതുവരെ എവിടെയും ആരും ആരോപിച്ചിട്ടില്ല. കേരളസര്‍ക്കാരിന്റെ തിടുക്കവും ക്രമക്കേടുകളും മാത്രമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ക്രമരഹിതമായ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ മുന്നോട്ടു പോയിട്ടുണ്ടെങ്കില്‍ അതിനു ഫോമയോ അതിന്റെ മുന്‍ സെക്രട്ടറിയോ തെറ്റുകാരനാവുന്നത് എങ്ങനെയെന്നാണ് വിവിധ അമേരിക്കന്‍ മലയാളികള്‍ ഉയര്‍ത്തുന്ന ചോദ്യം.

കേരള സംസ്ഥാനത്ത് ആഴക്കടല്‍ മത്സ്യബന്ധനം നവീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നൂതന സാങ്കേതിക വികസനം ലക്ഷ്യമിട്ട് ഇംഎംസിസി എന്ന കമ്പനിയുടെ പ്രതിനിധി എന്ന നിലയിലാണ് ജോസ് മുന്‍നിരത്തിയിലെത്തിയത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മതിയായ കരാര്‍ ഇല്ലാതെ കോടിക്കണക്കിനു രൂപയുടെ പദ്ധതിയില്‍ പങ്കാളിത്തമുണ്ടാക്കി എന്നാണ് ആരോപണം.

ഇ.എം.സി.സി ഇന്റര്‍നാഷണലിന്റെ പ്രസിഡന്റും സ്ഥാപകനും മറ്റൊരു മലയാളിയായ ഷിജുവാണ്. 2011 ല്‍ ന്യൂയോര്‍ക്ക്, െ്രെടസ്‌റ്റേറ്റ്, മിഡ്അറ്റ്‌ലാന്റിക് പ്രദേശങ്ങളില്‍ എഞ്ചിനീയറിംഗ്, നിര്‍മ്മാണ സേവനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് ഇംഎംസിസി എന്ന പേരില്‍ കമ്പനി ആരംഭിച്ചത്. ഇത് പിന്നീട് വലിയ വിദേശ പദ്ധതികളിലേക്ക് വ്യാപിച്ചു. സുസ്ഥിര ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകളിലും സാമൂഹിക പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഷിജു കേരളത്തിലും സജീവമാണ്. ഇന്ത്യയിലെ പ്രോജക്ടുകളില്‍ മാത്രമല്ല, ആഗോളതലത്തില്‍ മിഡില്‍ ഈസ്റ്റിലും അമേരിക്കയിലും ഈ കമ്പനി പ്രവര്‍ത്തിക്കുന്നു. മത്സ്യബന്ധവകുപ്പുമായി മാത്രമല്ല റീബില്‍ഡ് കേരള എന്ന പദ്ധതിയുമായും ഇവര്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍, മത്സ്യബന്ധനവകുപ്പുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിവാദമുയരുന്നത്.

ഫോമയുടെ ഉപദേശക സമിതി ചെയര്‍, ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍, കംപ്ലയിന്‍സ് കൗണ്‍സില്‍ ചെയര്‍ എന്നിവരുമായി സംയുക്ത ചര്‍ച്ചകള്‍ക്ക് ശേഷമാണ് ജോസിനെ പുറത്താക്കിയിരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്ത് (2018-2020 ടേം) ഒരു ഭാരവാഹിയായിരിക്കെ ഫോമയുടെ പേര് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിലാണ് മുന്‍ സെക്രട്ടറി ജോസ് എബ്രഹാമിനെതിരേയുള്ള പടയൊരുക്കം. ആദ്യ തെളിവുകള്‍ സാധുതയുള്ളതാണെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി ഒരു നിഗമനത്തിലെത്തി. വിശ്വസനീയമാണ്. ഫോമയുടെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജോസിനെ ഫോമയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും താല്‍ക്കാലികമായി ഒഴിവാക്കാന്‍ തീരുമാനിച്ചതായി ഇതിനാല്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പ്രശ്‌നത്തില്‍ അകപ്പെടുമ്പോള്‍ കൂടെ നിന്നു പിന്തുണക്കുന്നതിനു പകരം കറിവേപ്പില പോലെ തള്ളിക്കളയുന്ന ഫോമയുടെ നടപടിക്കെതിരേ പലഭാഗത്തു നിന്നും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ആഗോളവ്യാപകമായി ശ്രദ്ധിക്കുന്ന പദ്ധതിയുടെ പേരില്‍ ഒരു മലയാളി ഉയര്‍ന്നു വരുമ്പോള്‍ അതിനെ ചവിട്ടിത്താഴ്ത്തുന്ന നിരവധി സംഭവങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ജോസിന്റേത്.