വിവാദമായ അമ്പയേഴ്സ് കോൾ നിയമം റദ്ദാക്കിയേക്കും. ക്രിക്കറ്റ് നിയമനിർമ്മാണം നടത്തുന്ന മെറിൽബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) അംഗങ്ങൾ ഇക്കാര്യത്തിൽ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. ലെഗ് ബിഫോർ വിക്കറ്റുകളിൽ അമ്പയേഴ്സ് കോൾ ഒഴിവാക്കി ഔട്ട്, നോട്ടൗട്ട് എന്നീ തീരുമാനങ്ങൾ മാത്രമാക്കുമെന്നാണ് സൂചന.

‘ഡിആർഎസ് സംവിധാനത്തിലെ എൽബിഡബ്ല്യു തീരുമാനങ്ങളിൽ പരിഗണിക്കുന്ന അമ്പയേഴ്സ് കോളിനെപ്പറ്റി കമ്മറ്റി ചർച്ച ചെയ്തു. മത്സരം കാണുന്ന ചിലർക്ക് അത് മനസ്സിലാവില്ലെന്ന് ചില അംഗങ്ങൾ പറഞ്ഞു. പ്രത്യേകിച്ചും, ഇതേ പന്തിൽ ഓൺഫീൽഡ് അമ്പയർക്ക് ഔട്ടോ നോട്ടൗട്ടോ വിളിക്കാമെന്നിരിക്കെ. ഓൺഫീൽഡ് അമ്പയറുടെ തീരുമാനം ഡിആർഎസിനു വിട്ടാൽ അമ്പയേഴ്സ് കോൾ ഒഴിവാക്കി ഔട്ടോ നോട്ടൗട്ടോ എന്ന് മാത്രം തീരുമാനം ആക്കാമെന്നാണ് അവർ കരുതുന്നത്. എന്നാൽ, ചില അംഗങ്ങൾ ഇപ്പോഴുള്ള സംവിധാനത്തിൽ തൃപ്തരല്ല. ഓൺഫീൽഡ് അമ്പയറുടെ തീരുമാനത്തിലുള്ള മാനുഷിക ഘടകം ഡിആർഎസിലും ഉണ്ടാവണമെന്ന് അവർ പറയുന്നു.’- വാർത്താകുറിപ്പിലൂടെ എംസിസി അറിയിച്ചു.

ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി, കുമാർ സംഗക്കാര, റിക്കി പോണ്ടിംഗ് തുടങ്ങിയവരൊക്കെ യോഗത്തിൽ പങ്കെടുത്തിരുന്നു.