തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണെന്റ വിദേശയാത്രകളുടെ എണ്ണം സംബന്ധിച്ച് അദ്ദേഹത്തിെന്റ ഒാഫിസ് നല്കിയ കണക്ക് തെറ്റാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കോണ്‍സുലേറ്റ്. 11 വിദേശയാത്രകളാണ് അദ്ദേഹം നടത്തിയതെന്നാണ് സ്പീക്കറുടെ ഓഫിസ് കഴിഞ്ഞമാസം ചൂണ്ടിക്കാട്ടിയത്. ഇതില്‍ ഭൂരിപക്ഷവും ഒൗദ്യോഗിക യാത്രകളായിരുന്നെന്നായിരുന്നു വിശദീകരണം. എന്നാല്‍, 21 തവണ സ്പീക്കര്‍ യു.എ.ഇയിലെത്തിയിരുന്നെന്നാണ് അവിടത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിവരാവകാശ നിയമപ്രകാരം ദിവസങ്ങള്‍ക്കുമുമ്ബ് നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്.
ധനരാജ് സുഭാഷ് എന്ന വ്യക്തി നല്കിയ അപേക്ഷയില്‍ ഇൗമാസം 18 നാണ് ദുബൈ കോണ്‍സുലേറ്റ് ജനറല്‍ ഒാഫ് ഇന്ത്യയുടെ ഒാഫിസില്‍ നിന്ന് ഇത് സംബന്ധിച്ച മറുപടി നല്‍കിയത്. 21 തവണ യു.എ.ഇയിലെത്തിയ പി. ശ്രീരാമകൃഷ്ണന് മൂന്നു തവണ മറ്റ് രാജ്യങ്ങളിലേക്ക് പോകാനാണ് ദുബൈയിലെത്തിയതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
11 വിദേശയാത്ര നടത്തിയതില്‍ ഒമ്ബതെണ്ണം ഒൗദ്യോഗിക സന്ദര്ശനമായിരുന്നെന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. 2016ല്‍ ചുമതലയേറ്റശേഷം ഒമ്ബത് തവണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ശ്രീരാമകൃഷ്ണന് പറന്നു. ലണ്ടന്‍, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് ഒാരോ തവണയും. പതിനൊന്നില്‍ രണ്ടുതവണ സ്വകാര്യ ആവശ്യത്തിനാണ് പോയതെന്നും അതിെന്റ തുക കൈയില്‍നിന്ന് ചെലവാക്കിയെന്നും വിവരാവകാശരേഖയില്‍ വ്യക്തമാക്കിയിരുന്നു.
ഒൗദ്യോഗികമായി നടത്തിയ നാല് യാത്രകള്‍ക്കായി 9,05,787 രൂപ ഖജനാവില്‍നിന്ന് ചെലവിട്ടു. ബാക്കിയുള്ള യാത്രകളുടെ ചെലവിനെക്കുറിച്ച് അദ്ദേഹത്തിെന്റ ഒാഫിസ് നല്കിയ മറുപടിയിലുണ്ടായിരുന്നില്ല. എന്നാല്‍, യാത്ര സംബനന്ധിച്ച കണക്ക് തെറ്റാണെന്നാണ് യു.എ.ഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്കിയ മറുപടിയില്‍നിന്ന് വ്യക്തമാകുന്നത്.