കോട്ടയം: പാര്‍ട്ടി വിട്ട മാണി സി കാപ്പന്‍ എം എല്‍ എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ എന്‍ സി പിയില്‍ കൂട്ടരാജി തുടരുന്നു. കോട്ടയത്തും കണ്ണൂരും പാര്‍ട്ടി നേതാക്കള്‍ രാജിവെച്ച്‌ മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചു.

കോട്ടയം ജില്ലയില്‍ എന്‍ സി പിയില്‍നിന്ന് ഏഴ്‌ ബ്ലോക്ക് പ്രസിഡന്റുമാരടക്കം നിരവധി പേര്‍ രാജിവെച്ച്‌ മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ ഷാജി കുറുമുട്ടം (കോട്ടയം), ബാബു കാലാ (കടുത്തുരുത്തി), ജോഷി പുതുമന (പാലാ), തോമസുകുട്ടി(പൂഞ്ഞാര്‍), വി ആര്‍ ഗോപാലകൃഷ്ണന്‍ (പുതുപ്പള്ളി), സുധീര്‍ ശങ്കരമംഗലം (ചങ്ങനാശ്ശേരി), പി എം ഇബ്രാഹിം (കാഞ്ഞിരപ്പള്ളി) എന്നിവരാണ് രാജിവച്ച ബ്ലോക്ക് പ്രസിഡന്റുമാര്‍. –

സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം നീണ്ടൂര്‍ പ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗം യു ഡി മത്തായി, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍ (ജില്ലാ വൈസ് പ്രസിഡന്റ്), ബേബി ഈറ്റത്തോട്ട് (ജില്ലാ സെക്രട്ടറി), എന്‍ വൈ സി ജില്ലാ പ്രസിഡന്റ് താഹ തലനാട്, നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജ്യോതിലക്ഷ്മി, സംസ്ഥാന സെക്രട്ടറി ശോശാമ്മ എബ്രാഹം, എന്‍ എല്‍ സി ജില്ലാ പ്രസിഡന്റ് രാജേഷ് ജോണ്‍, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഷിബു കുമരകം (കടുത്തുരുത്തി), ഷാജി മറ്റത്തില്‍ (കോട്ടയം), കണ്ണന്‍ ഇടപ്പാടി (പാലാ), അജയന്‍ പെരുംചേരില്‍ (ചങ്ങനാശ്ശേരി), നാഷണലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് റോയി നാടുകാണി എന്നിവരും എന്‍ സി പിയില്‍നിന്ന് രാജിവെച്ചു. പാലാ ബ്ലോക്കില്‍ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ച്‌ എന്‍ സി പി വിട്ടു.

കണ്ണൂര്‍ തളിപ്പറമ്പില്‍ എന്‍ സി പി ബ്ലോക്ക് കമ്മറ്റി ഒന്നടങ്കം രാജിവെച്ച്‌ മാണി സി കാപ്പന് പിന്തുണ പ്രഖ്യാപിച്ചു. എന്‍ സി പിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചുവെന്ന് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മുയ്യം ബാലകൃഷ്ണന്‍, കെ എം രാജിവന്‍, തളിപ്പറമ്പ ബ്ലോക്ക് പ്രസിഡന്റ് സി രാമചന്ദ്രന്‍ നായര്‍, മണ്ഡലം പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് ട്രഷറര്‍ കെ എസ് ഹസന്‍, കലാ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ സല്‍ജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.