ടൂള്‍ കിറ്റ് കേസില്‍ ഡല്‍ഹി പൊലീസിനും ദിഷ രവിക്കും ഇന്ന് നിര്‍ണായക ദിനം. കുറ്റാരോപിതയായ ദിഷ രവിയുടെ ജാമ്യ ഹര്‍ജി ഇന്ന് പട്യാല ഹൗസ് കോടതി തിര്‍പ്പാക്കും. ഡല്‍ഹി പൊലീസ് ടൂള്‍കിറ്റ് കേസില്‍ ഇരുട്ടില്‍ തപ്പുകയാണോ എന്ന് സംശയം ഉണ്ടെന്ന് സൂചിപ്പിക്കും വിധമായിരുന്നു പട്യാല ഹൗസ് കോടതി ദിഷയുടെ ജാമ്യ ഹര്‍ജി അവസാനം പരിഗണിച്ചപ്പോള്‍ പ്രതികരിച്ചത്.

ടൂള്‍ കിറ്റ് ദേശവിരുദ്ധമാണെന്നതിനും ദിഷ അടക്കമുള്ളവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നതിനും കോടതി തെളിവ് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് തുടര്‍ച്ചയായാണ് ദിഷയുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. ദിഷയ്ക്ക് ജാമ്യം കിട്ടിയാല്‍ പൊലീസിന് അത് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് പൊലീസ് തീരുമാനം. ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ച നികിതയും, ശാന്തനുവും ഇന്നലെ ഡല്‍ഹി പൊലീസിന് മുന്നില്‍ ഹാജരായിരുന്നു. ഡല്‍ഹി പൊലീസിന്റെ സമന്‍സിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഹാജരായത്.

സൈബര്‍ സെല്ലിന്റെ മുന്‍പാകെ ഹാജരായ ഇരുവരില്‍ നിന്നും പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി. ഇന്ന് ഇവരെ ദിഷയ്ക്ക് ഒപ്പം ഇരുത്തി ചോദ്യം ചെയ്യും. കര്‍ഷക സമരത്തെ അനുകൂലിച്ചത് അല്ലാതെ ഖാലിസ്ഥാന്‍ അനുഭാവികളുമായോ സംഘടനകളുമായോ തങ്ങള്‍ക്ക് ബന്ധം ഇല്ലെന്നാണ് കേസിലെ കുറ്റാരോപിതരുടെ വാദം