അടിമാലി പള്ളിവാസലില്‍ പതിനേഴുകാരി കുത്തേറ്റു മരിച്ച സംഭവത്തില്‍ ബന്ധുവിനായുള്ള അന്വേഷണം പൊലീസ് ശക്തമാക്കി. സംഭവം കഴിഞ്ഞു നാലു ദിവസം പിന്നിട്ടിട്ടും പ്രതി എന്ന് സംശയിക്കുന്ന അനുവിനെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ഇയാള്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ആത്മഹത്യാ സാധ്യത ഇപ്പോഴും പൊലീസ് ഉറപ്പിക്കുന്നില്ല.

അനു തമിഴ്‌നാട്ടിലേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നു. ഡ്രോണ്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ പ്രദേശത്ത് വീണ്ടും പരിശോധന നടത്താനാണ് പൊലീസ് നീക്കം. ഇക്കഴിഞ്ഞ 19 നാണ് പന്ത്രണ്ടാം ക്ലാസുകാരി രേഷ്മയെ പള്ളിവാസല്‍ പവര്‍ സ്റ്റേഷന് സമീപം കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.