ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനായുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. പരമ്ബരയിലെ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച്‌ പരമ്ബര നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്ബര 1-1 എന്ന നിലയിലാണ്.

രണ്ടാം ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ പ്രകടനത്തിലൂടെ ഗംഭീര വിജയം സമ്മാനിച്ച രവിചന്ദ്രന്‍ അശ്വിനിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മാത്രമല്ല, ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഏറ്റവും കുറവ് ടെസ്റ്റുകളില്‍ 400 വിക്കറ്റ് തികയ്‌ക്കുന്ന ലോകത്തിലെ രണ്ടാമത്തെ ബൗളറാകുകയാണ് അശ്വിന്‍ ലക്ഷ്യമിടുന്നത്. ഈ നേട്ടത്തിലെത്താന്‍ അശ്വിന് വേണ്ടത് വെറും ആറ് വിക്കറ്റുകള്‍ കൂടി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കുമെന്ന് തന്നെയാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ 76 ടെസ്റ്റുകളില്‍ നിന്നാണ് അശ്വിന്‍ 394 വിക്കറ്റുകള്‍ വീഴ്ത്തിയിരിക്കുന്നത്. ന്യൂസിലന്‍ഡ് താരം റിച്ചാര്‍ഡ് ഹാഡ്‌ലിയും ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്‌ല്‍ സ്റ്റെയ്‌നുമാണ് രണ്ടാം സ്ഥാനത്ത്. ഇരുവരും 80 ടെസ്റ്റുകളില്‍ നിന്നാണ് 400 വിക്കറ്റുകള്‍ നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടിയാല്‍ അശ്വിന്‍ ഇരുവരെയും മറികടക്കും.

ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 400 വിക്കറ്റ് നേടിയ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ്. വെറും 72 ടെസ്റ്റുകളില്‍ നിന്നാണ് മുരളീധരന്‍ 400 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 200 ഇടംകൈയന്‍ ബാറ്റ്‌സ്‌മാന്‍മാരെ പുറത്താക്കിയ താരമെന്ന റെക്കോര്‍ഡ് രണ്ടാം ടെസ്റ്റിനിടെ അശ്വിന്‍ സ്വന്തമാക്കിയിരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് മുത്തയ്യ മുരളീധരനാണ്. 191 ഇടംകൈയന്‍മാരെയാണ് മുരളീധരന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പുറത്താക്കിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍ 190 ഇടംകൈയന്‍മാരുടെ വിക്കറ്റുകളാണ് വീഴ്‌ത്തിയിരിക്കുന്നത്.