കൈക്കൂലി വാങ്ങുന്നതിനിടെ പീരുമേട് ലാൻഡ് അസൈൻമെന്റ് തഹസിൽദാർ വിജിലൻസ് പിടിയിലായി. യൂസഫ് റാവുത്തറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. വാഗമൺ സ്വദേശിയിൽ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് തഹസിൽദാർ പിടിയിലായത്.

വാഗമൺ വില്ലേജിൽ സർക്കാർ അനുവദിച്ച രണ്ട് ഏക്കർ 17സെന്റ് സ്ഥലത്തിന് പട്ടയം നൽകാൻ ഉപ്പുതറ സ്വദേശിനി രാധാമണി സോമനോട് അൻപതിനായിരം രൂപവേണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടു.
മൂപ്പതിനായിരം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. ആദ്യ ഗഡുവായ മുപ്പതിനായിരം രൂപയിൽ കൈക്കൂലിയായ ഇരുപതിനായിരം രൂപയും ഫീസിനത്തിൽ പതിനായിരം രൂപയുമാണ് ആവശ്യപ്പെട്ടത്. വിജിലൻസിന്റെ നിർദേശപ്രകാരമാണ് ഇന്ന് പണം കൈമാറിയത്.

ഇതിനടിയിൽ കോട്ടയം റേഞ്ച് എസ്.പി വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫിസിൽ എത്തി യൂസഫ് റവുത്തറിനെ കയ്യോടെ പിടികൂടുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. പട്ടയ നടപടികൾ വേഗത്തിലാക്കാനായിരുന്നു കൈകൂലി ആവശ്യപ്പെട്ടതെന്ന് വിജിലൻസ് പറഞ്ഞു.