മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കോലം ആഴക്കടലിൽ മുക്കി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അഴീക്കോട് ജെട്ടിയിൽ നിന്നും ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ബോട്ടിൽ കടലിറങ്ങിയത്.

ആഴക്കടലിലെ കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കൻ കുത്തകകൾക്ക് തീറെഴുതി നൽകിയെന്നാരോപിച്ചാണ് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ കോലം അഴിക്കോട് അഴിയിൽ മുക്കിത്താഴ്ത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ, നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് എറിയാട് എന്നിവരാണ് മന്ത്രിയുടെ കോലം കടലിൽ താഴ്ത്തിയത്.

അതേസമയം, ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹമെന്ന് മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ഇത് ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയാണ്. പ്രതിപക്ഷ നേതാവുമായി ചേർന്ന് ഇഎംസിസി കമ്പനി പ്രതിനിധികൾ കള്ളക്കഥകൾ മെനയുന്നുവെന്നും മന്ത്രി ആരോപിച്ചു.

ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇഎംസിസി പ്രതിനിധികൾ തന്നെ ഓഫീസിൽ വന്ന് കണ്ടിരുന്നു. കൃത്യമായി താൻ ഗവൺമെന്റിന്റെ നയം പറഞ്ഞുവെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.