കോട്ടയം: രാമക്ഷേത്രനിര്‍മാണ നിധിയിലേക്ക് സംഭാവന നല്‍കിയത് വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് രംഗത്ത്. താന്‍ ദൈവവിശ്വാസിയാണെന്നും ആരാധനാലയം പണിയാന്‍ ആര് പണം ചോദിച്ചാലും കൊടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചോദിച്ചാല്‍ ഇനിയും കൊടുക്കും. അതിന്റെ പേരില്‍ പേടിപ്പിക്കാന്‍ ആരും വരേണ്ടെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.

ഞാന്‍ റോമന്‍ കത്തോലിക്കനാണ്. പക്ഷെ, ഒരു കാര്യമുണ്ട്. ഞാന്‍ ദൈവ വിശ്വാസിയാണ്. ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നു. ചിലര്‍ അല്ലാഹുവില്‍, ചിലര്‍ പരമേശ്വരനില്‍, എല്ലാം ദൈവവിശ്വാസം. ദൈവവിശ്വാസികളുടെ അഭിപ്രായം അനുസരിച്ച്‌ ചെയ്യുക. മോസ്‌ക് പണിയാനും പള്ളി പണിയാനും കാശ് കൊടുത്തിട്ടുണ്ട്. രാമക്ഷേത്രത്തിന് പണം കൊടുത്തു. ചോദിച്ചാല്‍ ഇനിയും കൊടുക്കും. എന്നാല്‍, ഇത് പറഞ്ഞ് ആരും പേടിപ്പിക്കാന്‍ വരേണ്ടെന്ന് ജോര്‍ജ് പറഞ്ഞു. രാമക്ഷേത്രനിര്‍മാണ നിധിയിലേക്ക് സംഭാവന നല്‍കിയതില്‍ തെറ്റുപറ്റിയെന്ന എല്‍ദോസ് കുന്നപ്പള്ളിയുടെ നിലപാടിനെയും ജോര്‍ജ് വിമര്‍ശിച്ചു.

എല്‍ദോസ് കുന്നപ്പള്ളിയുടെ നിലപാട് ശരിയായില്ല. എല്‍ദോസിന്റ നടപടി എംഎല്‍എ വര്‍ഗത്തിന് തന്നെ മാനക്കേടാണെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.