കേരള സർക്കാരിനെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലവ് ജിഹാദ് തടയാൻ നിയമം നിർമിക്കുന്ന കാര്യത്തിൽ കേരളം ഒന്നും ചെയ്തില്ലെന്ന് ആദിത്യനാഥ് കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ആദിത്യനാഥ് കേരള സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്.

“ലവ് ജിഹാദ് കേരളത്തെ ഒരു ഇസ്ലാമിക സംസ്ഥാനം ആക്കുമെന്ന് 2009ൽ കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇങ്ങനെ ആയിട്ടും സംസ്ഥാന സർക്കാർ ഉറക്കമാണ്.”- ആദിത്യനാഥ് പറഞ്ഞു.

വിജയ യാത്രയ്ക്ക് കാസർഗോഡ് തുടക്കമായി. കാസർഗോഡ് താളിപ്പടുപ്പ് മൈതാനിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കെ സുരേന്ദ്രന് പതാക കൈമാറിയതോടെയാണ് യാത്രയ്ക്ക് തുടക്കമായത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് കെ സുരേന്ദ്രൻ്റെ വിജയ യാത്ര. ശബരിമല തന്നെയാണ് പ്രധാന പ്രചാരണ വിഷയമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ആചാരലംഘനം നടത്തിയ സർക്കാരിന് കുറ്റകരമായ മൗനത്തിലൂടെ ഉമ്മൻ ചാണ്ടി പിന്തുണ നൽകുകയായിരുന്നു എന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

രാഷ്ട്രീയ സ്വരച്ചേർച്ചകൾ മറന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രനും ഉദ്ഘാടന വേദിയിലെത്തിയിരുന്നു. ജൂൺ 7ന്‌ തിരുവനന്തപുരത്ത് യാത്ര സമാപിക്കും.