മഹാരാഷ്ട്രയിലെ കൊവിഡ് രോഗവ്യാപനത്തിന്റെ തീവ്രത കൂടിയതോടെ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്. മതപരവും സാമൂഹികവുമായ ഒത്തുചേരലുകള്‍ നിരോധിച്ചു കൊണ്ട് സര്‍ക്കാര്‍ അടിയന്തിര ഉത്തരവ് പുറത്തിറക്കി.

ഇതോടെ പൊതുപരിപാടികള്‍, വിവാഹം തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ അടക്കം തല്‍ക്കാലം അനുവദിക്കില്ലെന്ന നിലപാടിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇന്ന് മഹാരാഷ്ട്രയില്‍ പുതിയ കേസുകളുടെ എണ്ണം ഏഴായിരത്തിനോട് അടുത്തപ്പോള്‍ മുംബൈയില്‍ ആയിരത്തിന് അടുത്താണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഇന്ന് 2417 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ 6971 പുതിയ കൊവിഡ് -19 കേസുകള്‍ കൂടിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് സംസ്ഥാനത്ത് 35 കൊവിഡ് -19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, സംസ്ഥാനത്ത് മരണനിരക്ക് 2.47% ആണ്.

മഹാരാഷ്ട്ര സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം 21,00,884 ആയി ഉയര്‍ന്നതായി സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. മുംബൈയില്‍ 921 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത പത്തു ദിവസം രോഗവ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വിശകലനം ചെയ്ത ശേഷം സംസ്ഥാനത്ത് ലോക് ഡൌണ്‍ നടപ്പാക്കുന്നതിനെ കുറിച്ച്‌ തീരുമാനമെടുക്കും. നിലവില്‍ അമരാവതി, യാവത്മാല്‍ ജില്ലകളിലാണ് ഒരാഴ്ചയോളം ലോക്ക് ഡൌണ്‍ പ്രഖാപിച്ചിട്ടുള്ളത്.