ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദൃശ്യം 2വിനെ പുകഴ്ത്തി ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അബ്ദുള്ളക്കുട്ടി സിനിമയെ പുകഴ്ത്തി രംഗത്തെത്തിയത്. സംവിധായകൻ ജീത്തു ജോസഫിനെയും അബ്ദുള്ളക്കുട്ടി പുകഴ്ത്തി.

എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ജിത്തു ജോസഫ്, നിങ്ങളുടെ ദൃശ്യം 2 കണ്ടു. ഫ്ലൈറ്റിൽ ദില്ലിയാത്രക്കിടയിൽ മൊബൈൽ ഫോണിൽ ആണ് സിനിമ കണ്ടത്. ബിജെപി ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണ്. ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും. അതാണ് ജോർജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹൻലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രൻ സിനിമ. വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു.

ആറു വർഷം മുൻപ് പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് ദൃശ്യം 2 പുറത്തിറങ്ങിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവർക്കൊപ്പം ഗണേഷ് കുമാർ, മുരളി ഗോപി, സായ് കുമാർ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലൂടെയാണ് സിനിമ റിലീസായത്.