കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെന്ന് കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. പാര്‍ട്ടി വീണ്ടും ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് നേരത്തെ മത്സരിച്ചതെന്നും മുകേഷ് വ്യക്തമാക്കി. പാര്‍ട്ടി വീണ്ടും ആവശ്യപ്പെടുക എന്നു പറഞ്ഞാല്‍ താന്‍ നല്‍കിയ സേവനത്തില്‍ പാര്‍ട്ടിക്ക് തൃപ്‌തിയുണ്ടെന്നാണ് അര്‍ത്ഥമെന്നും മുകേഷ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് മുകേഷിന്റെ പ്രതികരണം.

താന്‍ മണ്ഡലത്തിലെ വികസനത്തിനായി ഒന്നും ചെയ്‌തിട്ടില്ലെന്ന പ്രതിപക്ഷ വിമര്‍ശനങ്ങളെ മുകേഷ് തള്ളി. സിനിമയിലും ടെലിവിഷനിലും നാടകത്തിലും അഭിനയിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നതെന്ന മുന്‍വിധിയാണ് പ്രതിപക്ഷ ആരോപണത്തിന് പിന്നിലെന്ന് പറഞ്ഞു. കൊല്ലം മണ്ഡലത്തില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. കിഫ്ബിയുടെ സഹായത്തോടെ 1,330 കോടി രൂപയാണ് കൊല്ലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത്. 45 കോടിരൂപ പെരുമണ്‍ പാലത്തിന് വേണ്ടി മാറ്റിവച്ചെന്നും മുകേഷ് പറഞ്ഞു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുകേഷ് വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൂരജ് രവി 45,492 വോട്ടുകള്‍ നേടിയപ്പോള്‍ മുകേഷ് 63,103 വോട്ടുകളുമായി 17,611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

അതേസമയം, എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സെക്രട്ടറി എ.വിജയരാഘവന്‍, മുന്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുന്നണിയിലേക്ക് എത്തിയ കേരള കോണ്‍ഗ്രസ് (എം), എല്‍ജെഡി എന്നീ കക്ഷികളുമായി സിപിഎം നേതൃത്വം ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.