ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ദൃശ്യം 2ന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അവസാനിക്കുന്നില്ല. ജീത്തു ജോസഫ് എന്ന സംവിധായകനും മോഹന്‍ലാല്‍ എന്ന നടനുമെല്ലാം കയ്യടിനേടുകയാണ്. സിനിമകണ്ടിറങ്ങിയവര്‍ ഒരുപോലെ തേടുന്ന ചിത്രത്തിലെ മറ്റൊരു താരമാണ് രേണുക വക്കീല്‍. ജീവിതത്തിലും വക്കീലായ ശാന്തി പ്രിയയാണ് രേണുകയായെത്തിയത്.

ഇപ്പോഴിതാ ദൃശ്യത്തിന് മൂന്നാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ശാന്തി. ‘സിനിമ കണ്ടിറങ്ങുമ്ബോള്‍ ദൃശ്യം 3 വരുമെന്ന് തോന്നുന്നില്ലേ’ എന്നായിരുന്നു ശാന്തിയുടെ മറുപടി. ദൃശ്യം 3 വന്നാലും ജോര്‍ജ്ജുകുട്ടിയുടെ അഭിഭാഷക താന്‍ തന്നെയായിരിക്കുമെന്നും ജീത്തു ജോസഫിനോട് ഇക്കാര്യം തമാശ രൂപേണ പറഞ്ഞിട്ടുണ്ടെന്നും ശാന്തി പറയുന്നു.

‘ജോര്‍ജ്ജ് കുട്ടി കേസ് ഇനി എവിടെ വാദിക്കേണ്ടി വന്നാലും താന്‍ അഭിമാനത്തോടെ ഏറ്റെടുക്കും. ഇത്ര ബോധവും കാര്യങ്ങള്‍ വ്യക്തവുമായി അറിയിക്കുന്ന ക്ലൈയിന്റ് അല്ലേ. വക്കീല്‍ ജോലിക്കിടയിലും ഇത്തരത്തില്‍ ക്ലൈന്റ്‌സിനെ താന്‍ കണ്ടിട്ടുണ്ട്. ഇവിടെ ജോര്‍ജ്ജ് കുട്ടി അതിനെക്കാള്‍ എല്ലാം വളരെ മുകളിലാണ്’ ശാന്തി പറഞ്ഞു.

രേണുക വക്കീലിനെ മലയാളികള്‍ മുന്‍പും കണ്ടിട്ടുണ്ട്. അതും വക്കീലായി തന്നെ. ആദ്യം കണ്ടത് രമേഷ് പിഷാരഡി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വനില്‍ ആയിരുന്നു. അന്ന് ശാന്തി വന്നത് മമ്മൂട്ടിയ്ക്ക് വേണ്ടി വാദിക്കാനായിരുന്നു. ഇന്നിതാ മോഹന്‍ലാലിന് വേണ്ടിയും.