ന്യൂഡല്‍ഹി : കൊറോണ പ്രതിരോധത്തില്‍ ഇന്ത്യ ആഗോളതലത്തിലുള്ള നേതാവാണെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടേറസ്. ലോകാരോഗ്യ സംഘടനയുടെ ആഗോളതലത്തിലുളള വാക്‌സിന്‍ സഖ്യമായ കൊവാക്‌സ് ശക്തമാക്കാന്‍ രാജ്യം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതിന് അദ്ദേഹം പ്രശംസയറിയിച്ചു. ഇന്ത്യയുടെ യുഎന്‍ പ്രതിനിധിയായ ടി.എസ് തിരുമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്. അന്റോണിയോ ഗുട്ടേറസ് രാജ്യത്തിന്റെ പങ്കാളിത്തത്തിന് നന്ദി അറിയിച്ചതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കൊറോണ പ്രതിരോധത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ നേതാവായിക്കഴിഞ്ഞു. രോഗപ്രതിരോധത്തിനായുള്ള മരുന്ന്, വെന്റിലേറ്റര്‍, പിപിഇ കിറ്റ് എന്നിങ്ങനെ നിരവധി അവശ്യവസ്തുക്കളാണ് ഇന്ത്യ 150 രാജ്യങ്ങള്‍ക്കായി വിതരണം ചെയ്തത്. ലോകാരോഗ്യ സംഘടന അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയ കൊവിഷീല്‍ഡ് വാക്‌സിന്റെ ഇന്ത്യയിലെ നിര്‍മ്മാണം ആഗോള മാര്‍ക്കറ്റിലുള്ള വാക്‌സിന്‍ വിതരണത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. കൊവാക്‌സ് എന്ന പദ്ധതിയ്ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്ന രാജ്യത്തിന്റെ പരിശ്രമത്തെ പ്രശംസിക്കുന്നുവെന്നാണ് ഗുട്ടേറസ് പറഞ്ഞത്.

യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്കായി കൊറോണ വാക്‌സിനുകള്‍ വാഗ്ദാനം ചെയ്ത വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനും ഗുട്ടേറസ് നന്ദിയറിച്ചതായും തിരുമൂര്‍ത്തി വ്യക്തമാക്കി. യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്കായി 2 ലക്ഷം കൊറോണ വാക്‌സിനാണ് രാജ്യം വാഗ്ദാനം ചെയ്തത്.