കോട്ടയം ∙ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ ഏറ്റവുമധികം ചർച്ചാവിഷയമാകുന്ന ജില്ലയാണ് കോട്ടയം. കേരളത്തിലാകെ എൽഡിഎഫ് തരംഗമുണ്ടായ തിരഞ്ഞെടുപ്പുകളിൽപോലും യുഡിഎഫിനൊപ്പം നിലകൊണ്ട ചരിത്രമാണ് കോട്ടയത്തിനുള്ളത്. ജില്ലയിലെ ചുവപ്പുകോട്ടയായി അറിയപ്പെടുന്ന വൈക്കം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും കാലാകാലങ്ങളിൽ യുഡിഎഫിനെയാണ് പിന്തുണച്ചിട്ടുള്ളത്. കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തിൽ കേരള കോൺഗ്രസ് (എം) ഇടതുപാളയത്തിലേക്കു മാറിയതോടെയാണ് ജില്ല ചർച്ചകളിൽ കൂടുതൽ ഇടംപിടിക്കുന്നത്.

2011 ൽ ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിൽ ഏഴും യുഡിഎഫിനെ തുണച്ചപ്പോൾ രണ്ടിടങ്ങളിൽ മാത്രമാണ് ഇടതുപക്ഷത്തിന് ജയിക്കാനായത്. 2016 ൽ ആറു മണ്ഡലങ്ങളിൽ യുഡിഎഫും രണ്ടു മണ്ഡലങ്ങളിൽ എൽഡിഎഫും ജയിച്ചപ്പോൾ മൂന്നു മുന്നണികളെയും നേരിട്ട് പി.സി.ജോർജ് പൂഞ്ഞാർ നിലനിർത്തി. ഇടതു തരംഗത്തിലും നിലവിലുണ്ടായിരുന്ന കോട്ടയം, പുതുപ്പള്ളി, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കടുത്തുരുത്തി സീറ്റുകൾ നിലനിർത്താൻ യുഡിഎഫിനു കഴിഞ്ഞു. വൈക്കവും ഏറ്റുമാനൂരുമാണ് എൽഡിഎഫ് പക്ഷത്തുനിന്നത്. ഏറ്റവും വാശിയേറിയ മത്സരം നടന്നതു പാലാ, പൂഞ്ഞാർ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലായിരുന്നു.

ശക്തമായ വെല്ലുവിളി നേരിട്ടശേഷമാണു സി.എഫ്.തോമസും (ചങ്ങനാശേരി) ഡോ. എൻ.ജയരാജും (കാഞ്ഞിരപ്പള്ളി) കെ.എം.മാണിയും (പാലാ) വിജയിച്ചത്. മുഖ്യമന്ത്രി എന്ന നിലയിൽ മൽസരത്തിനിറങ്ങിയ ഉമ്മൻചാണ്ടി പുതുപ്പള്ളിയിലും മന്ത്രി തിരുവ‍ഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും മോൻസ് ജോസഫ് കടുത്തുരുത്തിയിലും കാര്യമായ വെല്ലുവിളികളില്ലാതെ വിജയം കൊയ്തു. വൈക്കത്ത് എൽ‍ഡിഎഫിന്റെ വിജയവും ഏകപക്ഷീയമായിരുന്നു. ഏറ്റുമാനൂരിൽ തൊട്ടുമുമ്പത്തെ തിര‍ഞ്ഞെടുപ്പിലെ ലീഡ് മെച്ചപ്പെടുത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി സുരേഷ് കുറുപ്പ് മണ്ഡലം നിലനിർത്തിയത്.

പൂഞ്ഞാറിലെ പി.സി.ജോർജിന്റെ മിന്നും വിജയമായിരുന്നു ഏറ്റവും ശ്രദ്ധേയം. കേരള കോൺഗ്രസ് എമ്മിൽനിന്നു പിളർന്നുമാറി എൽഡിഎഫിനൊപ്പം മൽസരിച്ച ജനാധിപത്യ കേരള കോൺഗ്രസിന് കോട്ടയം ജില്ലയിൽ സമ്പൂർണ പരാജയം നേരിട്ട തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. ചങ്ങനാശേരി (ഡോ. കെ.സി.ജോസഫ്), പൂഞ്ഞാർ (പി.സി.ജോസഫ്) മണ്ഡലങ്ങളിലാണ് ജനാധിപത്യ കേരള കോൺഗ്രസ് മത്സരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് 2016

കടുത്തുരുത്തി

ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർഥി മോൻസ് ജോസഫ് വീണ്ടും ജയിച്ചത്. 42,256 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മോൻസ് ജോസഫ് ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തി. കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും മോൻസ് വ്യക്തമായ ലീഡ് നേടി.

പോസ്റ്റൽ വോട്ട് അടക്കം 1,27,172 വോട്ട് പോൾ ചെയ്തതിൽ 73,793 വോട്ട് മോൻസ് ജോസഫിന് ലഭിച്ചു. തൊട്ടടുത്ത എതിർ സ്ഥാനാർഥി എൽഡിഎഫിലെ സ്കറിയാ തോമസിനു ലഭിച്ച ആകെ വോട്ടുകളുടെ എണ്ണം മോൻസ് ജോസഫിന് ലഭിച്ച ഭൂരിപക്ഷത്തേക്കാളും 10,719 വോട്ട് കുറവായിരുന്നു. 31,537 വോട്ടാണ് സ്കറിയാ തോമസിന് ആകെ ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി സ്റ്റീഫൻ ചാഴികാടന് 17,536 വോട്ട് ലഭിച്ചു. 2011ലെ തിരഞ്ഞെടുപ്പിൽ 23,957 വോട്ട് ആയിരുന്നു മോൻസ് ജോസഫിന്റെ ഭൂരിപക്ഷം.

കോട്ടയം

ചരിത്രനേട്ടത്തോടെയാണു തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തു വെന്നിക്കൊടി പാറിച്ചത്. 2011ൽ 711 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ വിജയിച്ച തിരുവഞ്ചൂർ 2016 ൽ നേ‌ടിയതു 33,632 വോട്ടിന്റെ ഭൂരിപക്ഷമാണ്. ജില്ലയിലെ രണ്ടാമത്തെ ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും പൂർണ മേധാവിത്വം നിലനിർത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽഡിഎഫ് സ്ഥാനാർഥി റെജി സഖറിയയെയാണ് പരാജയപ്പെടുത്തിയത്. ജില്ലയിലെ രണ്ടാമത്തെ ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്. ഇതുവരെയുള്ള തന്റെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും ഈ ജയത്തോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ നേടി.

പുതുപ്പള്ളി

മുഖ്യമന്ത്രിയെന്ന നിലയിൽ വീണ്ടും ജനവിധി തേടിയ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ വീണ്ടും വിജയക്കൊടി പാറിച്ചു. 27,902 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി എൽഡിഎഫ് സ്ഥാനാർഥി ജയ്ക് സി. തോമസിനെ പരാജയപ്പെടുത്തിയത്. തുടക്കംമുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയാണ് ഉമ്മൻ ചാണ്ടി മുന്നേറിയത്. തുടർച്ചയായ പതിനൊന്നാം വിജയമാണ് പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി സ്വന്തമാക്കിയത്. 1970 മുതൽ ഉമ്മൻചാണ്ടിയാണ് പുതുപ്പള്ളിയുടെ പ്രതിനിധി.

പാലാ

പ്രവച‌ന‌ങ്ങളെയും എക്സിറ്റ് പോളുകളെയും തള്ളിയാണു പാലായിൽ കേരള കോൺഗ്രസ് ലീഡർ കെ.എം. മാണി വിജയിച്ചത്. ലീഡുകൾ മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ 4703 വോട്ടുകളുടെ വ്യത്യാസത്തിലാണ് അദ്ദേഹം എൽഡിഎഫിലെ മാണി സി. കാപ്പനെ തോൽപിച്ചത്. വോട്ടെണ്ണലിന്റെ തുടക്കംമുതൽ രണ്ടര മണിക്കൂർ സമയത്തേക്കു ലീഡ് മാറിമറിഞ്ഞു. തുടർന്ന് ലീഡ് പിടിച്ച കെ.എം.മാണി മണ്ഡലം നിലനിർത്തുകയായിരുന്നു.

നിയോജകമണ്ഡലം കൂടെ നിന്നെങ്കിലും പൂഞ്ഞാർ മണ്ഡലത്തിൽനിന്ന് പാലായിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട ആറു പഞ്ചായത്തുകളിൽ രണ്ടിടത്തും മാണി പിന്നിലായി. തലനാട്ടിൽ 372 വോട്ടിനും തലപ്പലത്ത് 624 വോട്ടിനുമാണ് പിന്നിലായത്. ഒരിക്കലും തോൽക്കാതെ മാണിയുടെ പതിമൂന്നാം വിജയമായിരുന്നു ഇത്. 50 വർഷമായി ഒരു നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ എന്ന നേട്ടം ഈ ജയത്തോടെ മാണി സ്വന്തമാക്കി.

കാഞ്ഞിരപ്പള്ളി

തുടക്കത്തിൽ ത്രികോണ മത്സരത്തിന്റെ പ്രതീതി ജനിപ്പിച്ച കാഞ്ഞിരപ്പള്ളിയിൽ, യുഡിഎഫ് സ്ഥാനാർഥി ഡോ. എൻ.ജയരാജ് എൽഡിഎഫ് സ്ഥാനാർഥി വി.ബി.ബിനുവിനെ 3890 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് സീറ്റ് നിലനിർത്തിയത്. തുടക്കത്തിൽ ഇരുമുന്നണികളെയും പിന്നിലാക്കി ബിജെപി സ്ഥാനാർഥി വി.എൻ.മനോജ് ലീഡ് നേടി. പിന്നാലെ എൻ. ജയരാജ് മുന്നിലെത്തി. വൈകാതെ എൽഡിഎഫ് സ്ഥാനാർഥി വി.ബി.ബിനു ലീഡ് പിടിച്ചു. പിന്നീടങ്ങോട്ട് ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. മിനിറ്റുകൾകൊണ്ടു ഫലം മാറിമറിഞ്ഞു. ഒടുവിൽ ബിനുവിനെ പിന്നിലാക്കി ജയരാജ് മണ്ഡലം നിലനിർത്തി.

ചങ്ങനാശേരി

ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് ചങ്ങനാശേരിയിൽ യുഡിഎഫ് സ്ഥാനാർഥി സി.എഫ്.തോമസ് വിജയം ഉറപ്പിച്ചത്. തുടക്കത്തിൽ മുന്നിട്ടുനിന്ന എൽഡിഎഫിന്റെ ഡോ. കെ.സി.ജോസഫ് യുഡിഎഫ് സ്ഥാനാർഥി സി.എഫ്.തോമസിനു ശക്തമായ പ്രതിരോധം തീർത്തു. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ഡോ. കെ.സി.ജോസഫിന് 27 വോട്ടുകളുടെ ലീഡുണ്ടായിരുന്നു. ഒരു മണിക്കൂറോളം കെ.സി.ജോസഫ് ലീഡ് നിലനിർത്തി. തുടർന്നു കാര്യങ്ങൾ മാറിത്തുടങ്ങി.

പതിയെപ്പതിയെ കളംപിടിച്ചെങ്കിലും സി.എഫ്.തോമസിന് അവസാന സമയംവരെ ശക്തമായ മത്സരം നേരിടേണ്ടിവന്നു. ഒടുവിൽ 1849 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.എഫ്.തോമസ് വിജയിച്ചു. ഈ ജയത്തോടെ ചങ്ങനാശേരിയിൽ ഒൻപതാം വിജയമാണ് സി.എഫ്.തോമസ് സ്വന്തമാക്കിയത്. ഒരു തവണ പോലും പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോർഡും അദ്ദേഹം നിലനിർത്തി.

വൈക്കം

കോട്ടയം ജില്ലയിലെ ചുവപ്പുകോട്ടയായി അറിയപ്പെടുന്ന വൈക്കത്ത് 2016 ലും പതിവു തെറ്റിയില്ല. തപാൽ വോട്ടുമുതൽ ആരംഭിച്ച മുന്നേറ്റം അവസാനഘട്ടംവരെ നിലനിർത്തിയാണ് എൽഡിഎഫ് സ്ഥാനാർഥി സി.കെ.ആശ 24,584 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കിയത്. യുഡിഎഫ് സ്ഥാനാർഥി എ.സനീഷ് കുമാറിന് ഒരു ഘട്ടത്തിൽപോലും വെല്ലുവിളി ഉയർത്താൻ കഴി‍ഞ്ഞില്ല.

ഏറ്റുമാനൂർ

മുൻ തവണത്തേതിനു സമാനമായി മത്സരം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുന്ന ഘട്ടംവരെയെത്തിയ ശേഷമാണ് ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർഥി സുരേഷ് കുറുപ്പ് വിജയം ഉറപ്പിച്ചത്. എൻഡിഎ സ്ഥാനാർഥി എ.ജി.തങ്കപ്പന്റെ സാന്നിധ്യം സുരേഷ് കുറുപ്പിന്റെ വിജയസാധ്യത കുറയ്ക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും 8,899 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കുറുപ്പ് വിജയിച്ചു. യുഡിഎഫ് വിമതനായി മത്സരിച്ച ജോസ് മോൻ മുണ്ടയ്ക്കൽ 3774 വോട്ട് നേടി.

പൂഞ്ഞാർ

മൂന്നു മുന്നണികളോടും ഒറ്റയ്ക്ക് ഏറ്റുമുട്ടിയാണ് സ്വതന്ത്ര സ്ഥാനാർഥി പി.സി.ജോർജ് പൂഞ്ഞാറിൽ വൻവിജയം നേടിയത്. യുഡിഎഫ് സ്ഥാനാർഥി ജോർജ്കുട്ടി ആഗസ്തിയെ 27,821 വോട്ടുകൾക്കാണു പി.സി.ജോർജ് പരാജയപ്പെടുത്തിയത്. 63,621 വോട്ടുകൾ പി.സി.ജോർജ് സ്വന്തമാക്കി. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾമുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്താനായ ജോർജിന്റെ വിജയക്കുതിപ്പിന് ഒരുതവണപോലും കടിഞ്ഞാണിടാൻ മൂന്നു മുന്നണികൾക്കുമായില്ല. പിണറായി വിജയൻ പലവട്ടം നേരിട്ടെത്തി പ്രചാരണം നയിച്ചിട്ടും എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു.

കോട്ടയം – ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് തോമസ് ചാഴികാടനിലൂടെ യുഡിഎഫ് മണ്ഡലം നിലനിർത്തിയത്. 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് (എൻഡ‍ിഎ) മൂന്നാം സ്ഥാനത്തായി. വോട്ടുനില: തോമസ് ചാഴികാടൻ (4,21,046), വി.എൻ. വാസവൻ (3,14,787), പി.സി. തോമസ് (1,55,135).

ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്ത ഭൂരിപക്ഷമാണ് ഈ തിരഞ്ഞെടുപ്പിൽ ചാഴികാടൻ സ്വന്തമാക്കിയത്. 2014 ൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജോസ് കെ.മാണി നേടിയ 1,20,599 വോട്ട് ഭൂരിപക്ഷമാണ് റെക്കോഡ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിൽ ആന്റോ ആന്റണിയും മാവേലിക്കരയുടെ ഭാഗമായ ചങ്ങനാശേരിയിൽ കൊടിക്കുന്നിൽ സുരേഷും ലീഡു ചെയ്തതോടെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ യുഡിഎഫ് ആധിപത്യം പൂർണമായിരുന്നു.

എന്നാൽ കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റത്തോടെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാകുകയാണ്. കരുത്ത് കാട്ടാൻ യുഡിഎഫും കേരള കോൺഗ്രസ് എമ്മിന്റെ പിൻബലത്തിൽ കടന്നുകയറാൻ എൽഡിഎഫും ഒരുങ്ങുമ്പോൾ പോരാട്ടം തീപാറും.