അമേരിക്കയുടെ പല ഭാഗങ്ങളിലും അസാധാരണമായ രീതിയിൽ അതിശൈത്യം പിടി മുറുക്കിയതോടെ മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ടെക്സസ് മേഖലയിൽ ലക്ഷക്കണക്കിനാളുകൾ വൈദ്യുതിയോ വേണ്ടത്ര വെള്ളമോ ആഹാരമോ ഇന്ധനമോ ഇല്ലാതെയാണ് ഈ ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്. താപനില അസാധാരണമാം വിധം താഴ്ന്നതോടെ വൈദ്യുതോല്പാദനം സാരമായി തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്കു പ്രധാന കാരണം.

ടെക്സസിന്റെ തെക്കേ അറ്റത്തുള്ള പാഡ്രേ ദ്വീപിലെ താപനില മൈനസ് രണ്ട് ഡിഗ്രി എന്ന നിലയിലാണ്. കഴിഞ്ഞവർഷം ഇതേ സമയത്ത് 17 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഈ പ്രദേശത്ത് രേഖപ്പെടുത്തിയിരുന്നത്. അതിശൈത്യം മൂലം വൈദ്യുത ഗ്രിഡുകൾ തകരാറിലായതിനെ തുടർന്ന് ജലവിതരണം, ഇന്റർനെറ്റ് സംവിധാനങ്ങൾ, ടെലിഫോൺ, ഡെലിവറി സർവീസുകൾ എന്നിങ്ങനെ എല്ലാ അവശ്യ സർവീസുകളും തടസ്സപ്പെട്ട നിലയിലാണ്.

ഏഴ് ദശലക്ഷത്തോളം വീടുകളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടതായി ടെക്സസ് കമ്മീഷൻ ഓൺ എൻവിയോൺമെന്റൽ ക്വാളിറ്റി അറിയിച്ചു. 2019 ലെ സെൻസസ് പ്രകാരം 10 ദശലക്ഷം വീടുകളാണ് ടെക്സസ് സംസ്ഥാനത്തുള്ളത്. അതായത് നിലവിൽ പത്തിൽ ഏഴു വീടുകളിലെങ്കിലും ജലവിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ടിരിക്കുകയാണ്. ജലവിതരണ സംവിധാനങ്ങളിലെ കേടുപാടുകൾ പരിഹരിക്കാൻ ഒരാഴ്ചയിലധികം സമയം വേണ്ടിവരുമെന്നാണ് അധികൃതരുടെ അറിയിപ്പ്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ ഹീറ്ററുകൾ പ്രവർത്തിപ്പിക്കാനാകാത്തതു മൂലം അതിശൈത്യത്തെ നേരിടാൻ മാർഗമില്ലാതെ ജനങ്ങൾ ദുരിതസ്ഥിതിയിലാണ്.

അന്തരീക്ഷതാപനില അസാധാരണമാംവിധം താഴ്ന്നതോടെ സമുദ്രോപരിതലത്തിലെ താപനിലയും കുത്തനെ താഴ്ന്ന നിലയിലാണ്. നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ ഇൻഫോർമേഷന്റെ കണക്കുകൾപ്രകാരം ഏഴ് ഡിഗ്രി സെൽഷ്യസാണ് സൗത്ത് പാഡ്രേ ദ്വീപിന് സമീപപ്രദേശത്തെ സമുദ്ര താപനില. സമുദ്രജലത്തിലെ താപനില 15 ഡിഗ്രിയിൽ താഴെയായാൽ കടലാമകൾ തണുപ്പ് പ്രതിരോധിക്കാനാവാതെ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാധ്യതയേറെയാണ്. ഫെബ്രുവരി മാസത്തിൽ 15 ഡിഗ്രിക്ക് താഴെ താപനില പൊതുവേ ഈ മേഖലയിൽ രേഖപ്പെടുത്താറില്ല.

സാധാരണഗതിയിൽ സൗത്ത് പാഡ്രേ മേഖലയിൽ തണുപ്പുകാലത്ത് വിരലിലെണ്ണാവുന്ന അത്രയും കടലാമകളെ മാത്രമേ സംരക്ഷിക്കേണ്ടതായി വരാറുള്ളൂ എന്ന് കടലാമകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടന അറിയിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ആകെ 1800 ൽ താഴെ കടലാമകളെ മാത്രമാണ് ഇത്തരത്തിൽ സംരക്ഷിക്കേണ്ടി വന്നിട്ടുള്ളത്. എന്നാൽ ഇത്തവണത്തെ അതിശൈത്യം മൂലം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അയ്യായിരത്തിലധികം കടലാമകളെയാണ് സംരക്ഷണ കേന്ദ്രത്തിലേക്കെത്തിച്ചിരിക്കു ന്നത്. സൗത്ത് പാഡ്രെ കൺവെൻഷൻ ആൻഡ് വിസിറ്റേഴ്സ് സെന്ററിലാണ് ഇപ്പോൾ കടലാമകളെ പാർപ്പിച്ചിരിക്കുന്നത്. സ്പേസ് എക്സ് നൽകിയ ജനറേറ്റർ ഉപയോഗിച്ചാണ് കടലാമകളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നത്.