ചെന്നൈ∙ ഓസ്ട്രേലിയൻ ക്രിക്കറ്റർ ഗ്ലെൻ മാക്സ്‌വെൽ ഇന്ത്യയുടെ ഭാവി മരുമകനായി വരും. ഇന്ത്യൻ വംശജ വിനി രാമനാണ് മാക്സ്‌വെലിന്റെ പ്രതിശ്രുത വധു. വർഷം തോറും വേനലവധിയിൽ മാക്സ്‌വെലിന് ഒരു ഇന്ത്യാ സന്ദർശനമുണ്ട്. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ ഭാഷയിൽ പറഞ്ഞാൽ ‘അടിച്ചു പൊളിക്കാൻ ഒരു ട്രിപ്’. കളിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ‘ഭാവി മരുമകന്’ വാരിക്കോരി കൊടുക്കും. ഇത്തവണത്തെ ഐപിഎൽ ലേലത്തിലും അതിനു മാറ്റം വന്നില്ല.

ഐപിഎൽ 13–ാം സീസണിൽ ഒറ്റ സിക്സർ പോലും അടിക്കാത്ത മാക്സ്‌വെലിനു വേണ്ടി ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മുടക്കിയത് 14.25 കോടി രൂപയാണ്. 2012ൽ പകരക്കാരനായി തുടങ്ങിയതാണ് മാക്സ്‌വെലും ഇന്ത്യൻ പ്രീമിയർ ലീഗുമായുള്ള ചങ്ങാത്തം. 2014ലെ ഒരു തകർപ്പൻ സീസൺ മാറ്റി നിർത്തിയാൽ ‘എക്സ്ട്ര ഓർഡിനറി’ ആയ പ്രകടനം ഒന്നും വന്നില്ലെങ്കിലും രൂപ 63.42 കോടിയാണ് ഇതുവരെ ‘മാക്സി’യുടെ പോക്കറ്റിലെത്തിയത്. 2019ലെ സീസണിൽ കളിച്ചിരുന്നെങ്കിൽ ഇനിയും കൂടിയേനെ.

ഐപിഎൽ കരിയറിൽ 82 മത്സരങ്ങളിൽനിന്ന് 1505 റൺസാണ് മാക്സ്‌വെൽ നേടിയത്. ശരാശരി 22.13. സ്ട്രൈക് റേറ്റ് 154.67. 19 വിക്കറ്റാണ് ആകെ നേട്ടം. 2014 സീസണിൽ 16 മത്സരങ്ങളിൽനിന്ന് പഞ്ചാബ് കിങ്സിനായി 552 റൺസ് നേടി. 187.75 ആയിരുന്നു സ്ട്രൈക് റേറ്റ്. ഈ സീസൺ കൂടാതെ മാക്സ്‌വെൽ 300 റൺസ് പിന്നിട്ടത് 2017ൽ മാത്രമാണ്. നേടിയ റൺസും വാങ്ങിയ ശമ്പളവുമായി താരതമ്യം ചെയ്താൽ ഐപിഎലിൽ മാക്സ്‌വെൽ സ്കോർ ചെയ്ത ഒരു റൺസിന്റെ വില 4, 21,445 രൂപയും ചില്ലറയും വരും!. നേടിയ ഒരു വിക്കറ്റിന് 3.33 കോടി രൂപയും!