ബിജെപിയെ വര്‍ഗീയ പാര്‍ട്ടി എന്നു വിളിയ്ക്കുന്നതു തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി ഒരു വര്‍ഗീയ പാര്‍ട്ടിയല്ല. ഒരു സമൂഹത്തെയും അകറ്റി നിര്‍ത്തിയിട്ടില്ല. ഒരു സമൂഹത്തിനും പ്രത്യേക പ്രിവിലേജ് നല്‍കിയിട്ടുമില്ല. ബിജെപിയെ വര്‍ഗീയ പാര്‍ട്ടി എന്നു വിളിക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമെന്നേ പറയാനാവൂ. ഇതു പൊതുജനത്തോടു തുറന്നു പറയാന്‍ താനിറങ്ങുമെന്നും
അദ്ദേഹം വ്യക്തമാക്കി.

ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ പലരും വിളിച്ചു. താങ്കളെപ്പോലൊരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു വരേണ്ടതുണ്ടന്ന് അവര്‍ പറഞ്ഞപ്പോള്‍ ജനാഭിലാഷം അതാണെങ്കില്‍ തയ്യാര്‍ എന്നു മാത്രം പറഞ്ഞു. രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍, ഞാനിതാ കേരളത്തിന്റെ മുഖ്യമന്ത്രിയാകാനും തയ്യാര്‍ എന്നു പറഞ്ഞതല്ല. ബിജെപി വന്നാല്‍ അഴിമതിരഹിതമായിരിക്കും ഭരണമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്ബൂര്‍ നഞ്ചന്‍കോട് റെയില്‍, അതിവേഗ റെയില്‍, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, സബര്‍ബന്‍ റെയില്‍ എന്നിവ ഇടതു സര്‍ക്കാര്‍ ചെയ്യാതെ മാറ്റിവച്ച പദ്ധതികളാണ്. ബിജെപിയ്ക്ക് കേരള ഭരണത്തില്‍ വല്ല സ്വാധീനവുമുണ്ടായാല്‍ ഈ പദ്ധതികളെല്ലാം തുടങ്ങും. ബിജെപിയുടെ വികസന രാഷ്ട്രീയം സംശുദ്ധവും അഴിമതി രഹിതവുമാണ്. ഇ.ശ്രീധരനെ ഒന്നിലും അടുപ്പിക്കരുതെന്നും ഒരു കാര്യവും അറിയിക്കരുതെന്നും ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിന്നു നിര്‍ദ്ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ഏകാധിപത്യമാണ്. തുടര്‍ ഭരണം വന്നാല്‍ ദുരന്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.