ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ കെ.എസ്.ഐ.എന്‍.സി മേധാവിയിലേക്ക് സംശയ മുന നീട്ടി മുഖ്യമന്ത്രിയും മന്ത്രി മേഴ്സിക്കുട്ടിയമ്മയും. ഇ.എം.സി.സിയുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ സര്‍ക്കാരിന് ബാധ്യതയില്ല. നിവേദനം പ്രതിപക്ഷനേതാവിന്‍റെ കയ്യില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ് നയത്തിന് വിരുദ്ധമായി മത്സ്യബന്ധനത്തിന് ആര്‍ക്കും അനുമതി നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്ബനിയായ ഇ.എം.സി.സിക്ക് കരാര്‍ നല്‍കിയെന്ന ആരോപണം മുഖ്യമന്ത്രി പൂര്‍ണ്ണമായും നിഷേധിച്ചു.വ്യവസായ മന്ത്രി ഇ.പി ജയരാജന് ഇ.എം.സി.സി പ്രതിനിധികള്‍ നല്‍കിയ നിവേദനം പ്രതിപക്ഷനേതാവിന് കിട്ടിയതില്‍ മുഖ്യമന്ത്രി സംശയം ഉന്നയിക്കുന്നുണ്ട്. കെ.എസ്.ഐ.എന്‍.സി എം.ഡിയിലേക്കാണ് മുഖ്യമന്ത്രി സംശയമുന നീട്ടുന്നത്.

വിവാദങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ ഫിഷറീസ് നയം ഉയര്‍ത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. മന്ത്രി മേഴ്സിക്കുട്ടിയമ്മയും ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് പ്രതികരിച്ചത്. മത്സ്യത്തൊഴിലാളികളെ സര്‍ക്കാരിനെതിരാക്കി തെര‍ഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാമെന്നാണ് പ്രതിപക്ഷം വ്യാമോഹിക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.