തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് വാരിക്കോരി കൊടുക്കാന്‍ സര്‍ക്കാര്‍. 80 വയസ്സു കഴിഞ്ഞ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസ പെന്‍ഷനൊപ്പം 1000 രൂപ അധികം നല്‍കാനുള്ള ധനവകുപ്പിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചു. ഏപ്രില്‍ 1 മുതല്‍ ലഭിക്കും. ശമ്ബള കമ്മിഷന്റെ ഈ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ശുപാര്‍ശ മുഖ്യമന്ത്രിക്കു കൈമാറിയത്. ഇത് അംഗീകരിക്കുകയും ചെയ്തു.

തമിഴ്‌നാട് മോഡല്‍ പരീക്ഷണത്തിനാണ് സര്‍ക്കാര്‍. വാരിക്കോരി കൊടുക്കുമെന്ന് പറഞ്ഞ് വോട്ടു വാങ്ങുക. കേരളത്തിന്റെ ഖജനാവ് കാലിയാണ്. കിഫ്ബി ലോണെടുത്താണ് വികസനം പോലും നടത്തുന്നത്. അതുകൊണ്ട് വോട്ട് മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം പ്രഖ്യാപനങ്ങള്‍ അടുത്ത് അധികാരത്തില്‍ എത്തുന്ന സര്‍ക്കാരിന് കടുത്ത വെല്ലുവിളിയായി മാറുകയും ചെയ്യും. ഇത് തിരിച്ചറിഞ്ഞ് അടുത്ത സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷവും തിരിച്ചറിയു്ന്നു.

80 വയസ്സ് കഴിഞ്ഞ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കു പ്രതിമാസം 1000 രൂപ അധികം നല്‍കാനുള്ള ശമ്ബളക്കമ്മിഷന്റെ നിര്‍ദ്ദേശം തുടക്കത്തില്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നില്ല. കമ്മിഷന്‍ ഈ ശുപാര്‍ശ മുന്നോട്ടു വച്ചിരുന്നെങ്കിലും ഇതൊഴികെയുള്ളവയാണു കഴിഞ്ഞ 10ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇതു പെന്‍ഷന്‍കാരെ പിണക്കുമെന്നു തിരിച്ചറിഞ്ഞതോടെ പെന്‍ഷന്‍ പരിഷ്‌കരണ ഉത്തരവു പുറത്തിറക്കുന്നതു മന്ത്രി ടി.എം.തോമസ് ഐസക് തടഞ്ഞു.

തുടര്‍ന്ന് 80 വയസ്സ് കഴിഞ്ഞവര്‍ക്ക് 1000 രൂപയുടെ വര്‍ധന കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു ഫയല്‍ കൈമാറി. മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ എത്തുമ്ബോള്‍ 1000 രൂപ കൂടി വര്‍ധിപ്പിച്ചു കൊണ്ടുള്ള തിരുത്തിയ ഉത്തരവ് ധനവകുപ്പ് പുറത്തിറക്കും. സാമ്ബത്തിക പ്രതിസന്ധിയുടെ വശങ്ങള്‍ മനസ്സിലാക്കിയാണ് ആദ്യം ഈ തീരുമാനം മന്ത്രിസഭ അംഗീകരിക്കാതെ ഇരുന്നതും.

എന്നാല്‍ പ്രഖ്യാപിച്ച ശേഷം കൊടുത്തില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവില്‍ മുഖ്യമന്ത്രിയെ കൊണ്ട് ധനമന്ത്രി തീരുമാനം എടുപ്പിക്കുകയായിരുന്നു.