ലോകത്തെ കലാപമേഖലകളില്‍ കോവിഡ് വാക്സിന് എത്തിക്കാന് പരസ്പരം പോരടിക്കുന്നവര് തല്കാലം പിന്മാറണമെന്ന് അഭ്യര്ത്ഥിച്ച്‌ ബ്രിട്ടണ്. ഇതുസംബന്ധിച്ച പ്രമേയത്തിന്റെ കരട് ബ്രിട്ടന്‍ യുഎന് രക്ഷാസമിതിയില് അവതരിപ്പിച്ചു. കലാപമേഖലകളിലെ 16 കോടി ജനങ്ങള്‍ക്ക് വാക്സിന്‍ ലഭിക്കില്ല.

സിറിയ, യമന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, മാലി, സുഡാന്‍, സൊമാലിയ എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് താത്കാലിക വിരാമം അനിവാര്യമെന്ന് പ്രമേയം അഭ്യര്ത്ഥിക്കുന്നു. കഴിഞ്ഞ മാര്‍ച്ച്‌ 23ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസാണ് ആദ്യം ഈ അഭ്യര്‍ഥന മുന്നോട്ടുവച്ചത്.

വാക്സിന്റെ അസമത്വം നിറഞ്ഞ വിതരണത്തിനെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ച്‌ സുരക്ഷാ കൗണ്‍സിലില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ്. 10 രാജ്യം ലോകത്തെ വാക്സിന്റെ 75 ശതമാനവും കൈയടക്കിയിരിക്കുകയാണ്. എല്ലാ രാജ്യത്തും വാക്സിനേഷന്‍ നടത്താന്‍ കഴിയുന്ന രീതിയില്‍ ആഗോള ഇടപെടല്‍ ആവശ്യമാണ്. 130 രാജ്യങ്ങള്‍ക്ക് ഇതുവരെ വാക്സിന്‍ ലഭിച്ചിട്ടില്ല. ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ വാക്സിന്‍ വിതരണത്തിലെ തുല്യത ഉറപ്പാക്കുകയാണ് ആഗോള സമൂഹത്തിന് മുന്നിലുള്ള ധാര്‍മിക പരീക്ഷണമെന്നും ഗുട്ടറസ് പറഞ്ഞു.