ഡാളസ് : ഫെബ്രുവരി 14 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച കനത്ത ഹിമപാതം അതിതീവ്ര ദുരിതം അനുഭവിക്കേണ്ടി വന്ന ടെക്‌സസ് ജനത പ്രത്യേകിച്ച്‌ ഡാളസ് നിവാസികള്‍ വെള്ളിയാഴ്ച ഉച്ചയോടെ സാധാരണ സ്ഥിതിയിലേക്ക് തിരിച്ചു വന്നു തുടങ്ങി. ഗതാഗതവും സാധാരണ സ്ഥിതിയിലായി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു വൈദുതി തകരാറും ജലവിതരണവും തടസ്സപ്പെട്ടത്. വൈദ്യുതി നിലച്ചതോടെ അതിശൈത്യത്തില്‍ നിന്നും രക്ഷപെടാന്‍ പലരും സ്വന്തം ഭവനങ്ങളില്‍ നിന്നും പാലായനം ചെയ്യേണ്ടി വന്ന സ്ഥിതിയും സംജാതമായി.

ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മേഖലകളില്‍ മുക്കാല്‍ ഭാഗത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടുവെങ്കിലും ചുരുക്കം ചില സിറ്റികളില്‍ വൈദ്യതി വിതരണം മുടങ്ങിയില്ല എന്നതും ആശ്വാസം പകര്‍ന്നു. തണുത്തുറഞ്ഞ പൈപ്പുകള്‍ പൊട്ടി പല വീടുകളിലും വെള്ളം കയറിയതും അപൂര്‍വ സംഭവമായിരുന്നു. 6 ഇഞ്ച് കനത്തില്‍ ഡാളസ് കൗണ്ടിയില്‍ ഉണ്ടായ മഞ്ഞു വീഴ്ച നേരിടുന്നതിന് ഫലപ്രദമായ നടപടികള്‍ പെട്ടെന്ന് സ്വീകരിക്കാന്‍ കഴിയാതിരുന്നത് സംഭവത്തിന്റെ ഗുരുതരാവസ്ഥ വര്‍ദ്ധിപ്പിച്ചു . ഗ്രോസറി സ്റ്റോറുകളില്‍ വെള്ളിയാഴ്ച രാവിലെയും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ലായിരുന്നു. ഉച്ചയോടെ പല സ്റ്റോറുകളിലും പാല്‍, മുട്ട, ബ്രഡ് തുടങ്ങിയവ ലഭ്യമായി തുടങ്ങി.

വീടും പരിസരവും റോഡും മൂടി കിടന്നിരുന്ന സ്‌നോ വെള്ളിയാഴ്ച വൈകീട്ട് മിക്കവാറും അപ്രത്യക്ഷമായി വെള്ളിയാഴ്ച ഉയര്‍ന്ന താപനില ഡാളസ് നിവാസികള്‍ക്ക് ആശ്വാസമായി. പല സന്നദ്ധസേവാ സംഘടനകളും സഹായത്തിന് തയാറായി മുന്നോട്ട് വന്നിരുന്നു.