തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ പി എസ് സി ഉദ്യോഗാ‌ര്‍ത്ഥികളുടെ സമരം തുടരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ സമരപ്പന്തിലെത്തും. അതേസമയം സമരക്കാരെ ഇന്ന് വീണ്ടും ഉദ്യോഗസ്ഥര്‍ കണ്ടെക്കും. സമരം സമാധാനപരമാകണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന ഉദ്യോഗസ്ഥ തല ചര്‍ച്ചയിലെ ഉറപ്പ് രേഖാമൂലം നല്‍കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ആഭ്യന്തര വകുപ്പ് അ‌ഡി. ചീഫ് സെക്രട്ടറി ടി.കെ ജോസും ​എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചര്‍ച്ച നടത്തിയത്. രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ നിലപാടില്‍ ഉറച്ചുനിന്നു. ഒഴിവുള്ള തസ്തികകളിലും താത്കാലിക തസ്തികളിലും പി.എസ്.സി വഴി സ്ഥിര നിയമനം നടത്തണമെന്നതടക്കം എട്ട് നിര്‍ദ്ദേശങ്ങളാണ് എല്‍.ജി.എസ് റാങ്ക് ഹോള്‍ഡര്‍മാര്‍ മുന്നോട്ടുവച്ചത്.

വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടെങ്കില്‍ അതത് വകുപ്പുകളോട് നിര്‍ദ്ദേശിക്കാമെന്നും, ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിരുന്നു. എല്‍.ജി.എസ് വിഭാഗത്തില്‍ ഹയര്‍ സെക്കന്‍ഡറി ഓഫീസ് അസിസ്റ്റന്റ്, നൈറ്റ് വാച്ചുമാന്‍ എന്നീ തസ്തികകളുടെ നിയമന കാര്യത്തില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അന്വേഷിച്ചു നടപടി സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിരുന്നു.