മനാമ > ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് വരാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നു. ഈ രാജ്യങ്ങളില്‍ നിന്ന് ഞായറാഴ്ച മുതല്‍ കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യാം. എന്നാല്‍, ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ സ്വന്തംചെലവില്‍ 14 ദിവസം ഹോട്ടല്‍ ക്വാറന്റയ്‌നില്‍ കഴിയണം.

ഇതോടൊപ്പം രണ്ടാഴ്ച്ച രാജ്യത്തേക്ക് ഏര്‍പ്പെടുത്തിയ പ്രവേശന നിയന്ത്രണവും നീക്കി. ഞായറാഴ്ച മുതല്‍ പ്രവാസികള്‍ക്ക് കര്‍ശന ഉപാധികളോടെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.

കോവിഡ് പാശ്ചാത്തലത്തില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യക്കാര്‍ക്ക് ആഗസ്ത് ഒന്നുമുതലാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. 31 രാജ്യക്കാര്‍ക്കായിരുന്നു ആദ്യം വിലക്ക്. പിന്നീട് അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ്, അര്‍ജന്റീന, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

കുവൈത്തിലേക്ക് വരുന്നവര്‍ക്ക് 35 ഹോട്ടലുകള്‍ ക്വാറന്റയ്‌നായി തെരഞ്ഞെടുക്കാമെന്ന് ഡിജിസിഎ അറിയിച്ചു. 725 കുവൈത്തി ദിനാറിന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍ 270 ദിനാറിന്റെ സിംഗിള്‍ റൂം വരെ 14 ദിവസത്തേക്ക് ഇവര്‍ക്ക് തെരഞ്ഞെടുക്കാം. കുവൈത്തിലെത്തുന്നതിനു മുമ്പ്‌, എല്ലാ യാത്രക്കാരും തങ്ങള്‍ ഒരു ഹോട്ടല്‍ റിസര്‍വ് ചെയ്തിട്ടുണ്ടെന്നും കുവൈറ്റ് മൊസാഫര്‍ ആപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമുള്ള തെളിവ് കാണിക്കണം.

നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ യുഎഇ വഴിയായിരുന്നു ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ കുവൈത്തിലേക്ക് വന്നിരുന്നത്. അതേസമയം, ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യങ്ങളുടെ എണ്ണം 60 ആക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. യുഎഇ, അമേരിക്ക, ജര്‍മ്മനി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും.