ഫിലഡല്‍ഫിയ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വിമന്‍സ് ഫോറത്തിന്‍റെ രാജ്യാന്തര വനിതാദിന ആഘോഷവും ചാരിറ്റി പ്രവര്‍ത്തനോദ്ഘാടനവും മാര്‍ച്ച് 07 ഞായറാഴ്ച ഈസ്റ്റേണ്‍ സമയം രാവിലെ 9.30നും (ഇന്ത്യന്‍ സമയം വൈകിട്ട് 8നും) സൂമില്‍ കൂടി നടത്തുന്നതാണ്.

ഇന്ത്യയിലെ ആദ്യവനിതാ ഐപിഎസ് ഓഫിസറും പോണ്ടിച്ചേരി മുന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുമായ ഡോ. കിരണ്‍ ബേദി ഉദ്ഘാടനം നിര്‍വ്വഹിക്കും.

കേരളത്തിന്‍റെ വാനമ്പാടി പത്മശ്രീ. കെ. എസ്. ചിത്രയ്ക്ക് ഗ്ലോബല്‍ നൈറ്റിംഗേല്‍ അവാര്‍ഡ് നല്‍കി ആദരിക്കും. ഇന്ത്യയുടെ മിസൈല്‍ പ്രോഗ്രാം മേധാവി ഡോ. ടെസ്സി തോമസ് ചടങ്ങില്‍ മുഖ്യസന്ദേശം നല്‍കും. ഭാവഗായകന്‍ ജി. വേണുഗോപാല്‍ ചാരിറ്റി പ്രവര്‍ത്തനോദ്ഘാടനവും സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള തേജസ്വനി എന്ന ഹെല്‍പ്പ് ലൈനിന്‍റേയും ഉദ്ഘാടനം നിര്‍വ്വഹിക്കും.

സാമൂഹിക പ്രവര്‍ത്തകയും മുത്തങ്ങ സമരത്തിന്‍റെ കേന്ദ്രബിന്ദുവും ആയിരുന്ന സി. കെ. ജാനുവിന്‍റെ സാന്നിധ്യം ചടങ്ങിന്‍റെ മുഖ്യ ആകര്‍ഷണമാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ സ്വന്തം പുത്രി ആര്‍ദ്രാ സാജന്‍റെ കലാവിരുന്നും ഉണ്ടായിരിക്കും.

അമേരിക്കയില്‍ പ്രയാസം അനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ്ലൈനിനു തുടക്കം കുറിക്കുവാന്‍ തീരുമാനിച്ചതായി റീജണല്‍ വിമന്‍സ് ഫോറം പ്രസിഡന്‍റ് ഡോ. നിഷ പിള്ള അറിയിച്ചു.

കേരളത്തിൽ മാനസിക വൈകല്യം ബാധിച്ച കുട്ടികളുടെ അമ്മമാര്‍ക്ക് 50000 രൂപവീതം 30 പേര്‍ക്ക് നല്‍കുന്നതിനുള്ള ബൃഹത് പദ്ധതി തയാറാക്കി വരുന്നതായും 2022 ഏപ്രില്‍ മാസത്തില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അതു വിതരണം ചെയ്യുമെന്നും റീജിണല്‍ വിമന്‍സ് ഫോറം സെക്രട്ടറി മില്ലി ഫിലിപ്പും റീജിയണല്‍ പ്രസിഡന്‍റ് നിഷ പിള്ളയും അയച്ച സംയുക്ത പ്രസ്ഥാവനയില്‍ വെളിപ്പെടുത്തി.