മുംബൈ: മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ മൂര്‍ത്തിസാപൂരിലെ ആശുപത്രിയില്‍ കോവിഡ് രോ​ഗികളെ നിയമവിരുദ്ധമായി ചികിത്സിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ പുരുഷോത്തം ചവാക എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് കോവിഡ് രോ​ഗികളെയാണ് ഇയാള്‍ തന്റെ സാന്ത്കൃപ ക്ലിനികില്‍ താമസിപ്പിച്ച്‌ ചികിത്സിച്ചു കൊണ്ടിരുന്നത്. ആരോ​ഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സംഘം ക്ലിനികില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

68 ഉം 45ഉം പ്രായമുള്ള രണ്ട് രോ​ഗികളാണ് ഇവിടെ ചികിത്സയില്‍ ഉണ്ടായിരുന്നത്. രോ​ഗികളെക്കുറിച്ചുള്ള വിശദാംശങ്ങളും അവര്‍ക്ക് നല്‍കിയ മരുന്നുകളെക്കുറിച്ചുളള വിവരങ്ങളും അടങ്ങിയ ഫയല്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. കൊറോണ വൈറസ് ബാധിച്ച രോ​ഗികളെ ചികിത്സിക്കാനോ ആശുപത്രിയില്‍ താമസിപ്പിക്കാനോ സംസ്ഥാന ആരോ​ഗ്യവകുപ്പില്‍ നിന്നുള്ള നിയമപരമായ അനുമതി ഇയാള്‍ക്കില്ലായിരുന്നു.

ഡോക്ടര്‍ പുരുഷോത്തെ ചവാകിനെതിരെ ഐ പി സി 188, 269, 270, 336, 420 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൊറോണ വൈറസ് ബാധ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ കോവിഡ് രോ​ഗികളെ ചികിത്സിക്കാന്‍ വേണ്ടി മാത്രം പ്രത്യേക ആശുപത്രികള്‍ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.