കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര കൊലക്കേസില്‍ വിശദമായ മൊഴി നല്‍കി ഉത്രയ പരിശോധിച്ച ഡോക്ടര്‍മാര്‍. യുവതിയെ രണ്ടുതവണ പാമ്പ്‌ കടിച്ചെന്നത് വിശ്വസിക്കാനാകില്ലെന്നാണ് കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി.ഓഫീസര്‍ ഡോ. ജെ.കിഷോര്‍ കുമാര്‍ മൊഴി നല്‍കിയത്. ഉത്രയെ പാമ്പ്‌കടിച്ച സാഹചര്യങ്ങളില്‍ അസ്വാഭാവികതയുണ്ടെന്നാണ് വിചാരണയ്ക്കിടെ അദ്ദേഹം മൊഴി നല്‍കിയിരിക്കുന്നത്.

ഉത്രയെ പാമ്പ്‌ കടിക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയില്‍ അംഗം കൂടിയായിരുന്നു ഡോ.കിഷോര്‍ കുമാര്‍. യുവതിയെ സ്വാഭാവികമായ പാമ്പ്‌കടിക്കാന്‍ സാധ്യതയില്ലെന്നാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി്.

ആദ്യ തവണ ഉത്രയെ അണലി കടിച്ചാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അണലി വീടിന്‍റെ രണ്ടാം നിലയിലെത്തിയത് വിശ്വസിക്കാനാകില്ല. അതുപോലെ തന്നെ ഉത്രയുടെ മരണത്തിന് ഇടയാക്കിയ മൂര്‍ഖന്‍ പാമ്പ്‌ കൊത്തിയ സാഹചര്യത്തിലും അദ്ദേഹം സംശയം ഉന്നയിച്ചു.