റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസും കര്‍ഷകരും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം. സംഘര്‍ഷത്തില്‍ പങ്കെടുത്തവരെന്ന് ആരോപിച്ച് ഇരുനൂറ് പേരുടെ ചിത്രങ്ങള്‍ ഡല്‍ഹി പൊലീസ് പുറത്ത് വിട്ടു. അറസ്റ്റ് നടപടിക്കായി ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ഗ്രാമങ്ങളില്‍ എത്തിയാല്‍ അവരെ ഉപരോധിക്കാന്‍ കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തു.

ഡല്‍ഹി പൊലീസ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കയറിയിറങ്ങി ബുദ്ധിമുട്ടിക്കുന്നുവെന്നാണ് കര്‍ഷകരുടെ പരാതി. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തിന്റെ പേര് പറഞ്ഞ് പൊലീസ് എത്തിയാല്‍ അവരെ ഉപരോധിക്കാന്‍ കര്‍ഷക നേതാവ് ഗുര്‍നാം സിംഗ് ചഡുനി ആഹ്വാനം ചെയ്തു. പൊലീസ് ഇനി ഗ്രാമത്തില്‍ എത്തില്ലെന്ന ജില്ലാ ഭരണക്കൂടത്തിന്റെ ഉറപ്പ് കിട്ടിയാല്‍ മാത്രമേ മോചിപ്പിക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശം നല്‍കി.

അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ഇന്റലിജന്റ്സ് വീഴ്ചയില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഇതിനിടെ, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താങ്ങുവില തീരുമാനിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ കടുംപിടുത്തം ഉപേക്ഷിച്ചില്ലെങ്കില്‍ പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം, ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് കിസാന്‍ സഭ നേതാവ് അശോക് ധാവലെ പറഞ്ഞു. കേരളം, പശ്ചിമ ബംഗാള്‍ അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും.

അതേസമയം, തിക്രി അതിര്‍ത്തിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചതോടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ മരിച്ചവരുടെ എണ്ണം 208 ആയി.