നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ മണ്ഡലങ്ങളില്‍ പ്രബലര്‍ക്കെതിരെ ആരൊക്കെ മത്സര രംഗത്തെത്തുമെന്ന അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവം. ഹരിപ്പാട് പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്ക് എതിരായി ജി കൃഷ്ണപ്രസാദ് രണ്ടാം അങ്കത്തിന് ഇറങ്ങാനാണ് സാധ്യത. ആലപ്പുഴയില്‍ തോമസ് ഐസക് ഒരിക്കല്‍ കൂടി ഇറങ്ങിയാല്‍ കെ എസ് മനോജിനെ രംഗത്ത് ഇറക്കാനാണ് കോണ്‍ഗ്രസ് നീക്കം.

തെരഞ്ഞെടുപ്പ് അടുത്തതോടെ അനൗദ്യോഗിക സ്ഥാനാര്‍ത്ഥി ചര്‍ച്ചകളാണ് മുന്നണികള്‍ക്കുള്ളില്‍ നടക്കുന്നത്. ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ 2011ല്‍ രമേഷ് ചെന്നിത്തലയുമായി ശക്തമായ മത്സരം കാഴ്ച വച്ചയാളാണ് ജി കൃഷ്ണപ്രസാദ്. ഇക്കുറിയും ഹരിപ്പാട് കൃഷ്ണ പ്രസാദിന്റെ പേരിന് തന്നെയാണ് സിപിഐയുടെ പ്രഥമ പരിഗണന.

കായംകുളത്ത് സിപിഐഎമ്മിലേതിന് സമാനമായി കോണ്‍ഗ്രസിലും സീററിന് വേണ്ടിയുള്ള പിടിവലി മുറുകിയിട്ടുണ്ട്. എം മുരളി, ബി ബാബുപ്രസാദ് എം ലിജു എന്നീ പേരുകളാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് സൂചന. അതേസമയം എന്‍.സി.പിയില്‍ നിന്ന് കാപ്പന്‍ വിഭാഗം യു.ഡി.എഫിലേക്ക് വന്നതോടെ സുല്‍ഫീക്കര്‍ മയൂരിക്കായി കായംകുളം ആവശ്യപ്പെടാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനുള്ളില്‍ സീററ് തര്‍ക്കം കൂടുതല്‍ രൂക്ഷമാകും. എന്നാല്‍ കോണ്‍ഗ്രസ് കായംകുളത്തിന് പകരം അമ്പലപ്പുഴ വിട്ടുനല്‍കാന്‍ തയാറാകുമെന്നും സൂചനയുണ്ട്. അമ്പലപ്പുഴയില്‍ എ.എ ഷുക്കൂര്‍, കെ.സി വേണുഗോപാലിന്റെ അനുയായി എ.ആര്‍ കണ്ണന്‍ എന്നീപേരുകളാണ് ഉള്ളത്. മത്സ്യതൊഴിലാളി കോണ്‍ഗ്രസും കണ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി കരുക്കള്‍ നീക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ എബി കുര്യക്കോസ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിബിന്‍ മാമന്‍ ബാബുപ്രസാദ്, കോശി.എം കോശി എന്നിവരാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി ശ്രമിക്കുന്നത്.