കാര്‍ട്ടൂണ്‍ സിനിമയായ ആന്‍ഗ്രി ബേര്‍ഡ്‌സില്‍ വികൃതികളായ പന്നിക്കൂട്ടങ്ങള്‍ കപ്പലില്‍ വന്നിറങ്ങുന്ന ഒരു സീന്‍ ഉണ്ട്. കാഴ്ചക്കാരെയൊക്കെ അങ്കലാപ്പിലാക്കി ദേഷ്യക്കാരന്‍ കിളിയുടെ കടലിനോടു ചേര്‍ന്നുള്ള വീട്ടുമുറ്റത്താണ്‌ കപ്പല്‍ വന്ന് നില്‍കുന്നത്. അതുപോലെ ഒരു കപ്പല്‍ ഈയിടെ ഉമ്മുല്‍ഖുവൈന്‍ കൈറ്റ്‌ ബീച്ചിനരികെ കരയോളം വന്നെത്തിനിന്നു. അമരക്കാരനും അസിസ്​റ്റന്‍റുമാരുമുള്‍പെടെ അഞ്ച്​ പേരുണ്ടായിരുന്നു ആ കപ്പലില്‍. കരയോളമെത്തിയിട്ടും മണ്ണില്‍ചവിട്ടാന്‍ വിധിയില്ലാതിരുന്ന അവരുടെ പ്രാര്‍ഥനകള്‍ക്ക്​ ഒടുവില്‍ ഉത്തരം കിട്ടിയിരിക്കുന്നു. നാല്​ വര്‍ഷത്തെ കപ്പല്‍ വാസത്തിനൊടുവില്‍ നാടണയാനുള്ള അവസരം വന്നുചേര്‍ന്നതി​െന്‍റ സമാധാനത്തിലാണ്​ ഉമ്മുല്‍ ഖുവൈനിലെ ഈ കപ്പല്‍ ജീവനക്കാര്‍.

നാല്​ വര്‍ഷം മുന്‍പ്​ കപ്പലുടമയായ ആല്‍കോ ഷിപ്പിങ്​ കമ്ബനി കടക്കെണിയിലായതോടെയാണ്​ ഇവരുടെ ദുരിതജീവിതം ആരംഭിക്കുന്നത്​. ഇന്ത്യക്കാരായ വിനയ്​ കുമാര്‍, നിര്‍മല്‍ സിങ്​ ബോറ, മോന്‍ചാന്ദ ഷെയ്​ഖ്​, പാകിസ്​താന്‍ എന്‍ജിനീയര്‍ റിയാസത്​ അലി, മ്യാന്‍മറില്‍ നിന്നുള്ള ചീഫ്​ എന്‍ജിനീയര്‍ നായ്​ വിന്‍ എന്നിവരായിരുന്നു 5000 ടണ്‍ ഭാരമുള്ള എം.ടി ഐ.ബി.എ എന്ന കപ്പലിലുണ്ടായിരുന്നത്​. ഉടമക്കെതിരായ കേസും ശമ്ബളമില്ലായ്​മയും തീരദേശ നിയമങ്ങളും പാസ്​പോര്‍ട്ടി​െന്‍റ കാലാവധി കഴിഞ്ഞതുമെല്ലാം ഒന്നിന്​ പിറകെ ഒന്നായി വന്നപ്പോള്‍ വര്‍ഷങ്ങളായി കപ്പലില്‍ തന്നെയായിരുന്നു ഇവരുടെ ജീവിതം. ജയില്‍ വാസം എന്ന്​ തന്നെ പറയാം. കടലില്‍ കുടുങ്ങുന്നവരെ സഹായിക്കുന്ന സന്നദ്ധ സംഘടനകള്‍ എത്തിക്കുന്ന ഭക്ഷണം മാത്രമായിരുന്നു ഏക ആശ്രയം. ശമ്ബള വിഷയത്തില്‍ തീര്‍പ്പുണ്ടാകാതെ കപ്പലില്‍ നിന്നിറങ്ങില്ല എന്ന വാശിയും ഇവര്‍ക്കുണ്ടായിരുന്നു. ജനുവരിയിലാണ്​ കപ്പല്‍ ഉമ്മുല്‍ഖുവൈന്‍ തീരത്തടിഞ്ഞത്​.

കപ്പല്‍ നീക്കണമെന്ന്​ അധികൃതര്‍ ആവശ്യപെ​ട്ടെങ്കിലും ഇതുവരെ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. സന്നദ്ധ സംഘടനകളുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ്​ ഇപ്പോള്‍ ഇവര്‍ക്ക്​ ശാപമോക്ഷത്തിനുള്ള വഴിതെളിഞ്ഞിരിക്കുന്നത്​. കഴിഞ്ഞ ദിവസം ഉമ്മുല്‍ ഖുവൈന്‍ ബീച്ചില്‍ അല്‍കോ ഷിപ്പിങി​െന്‍റ പ്രതിനിധി എത്തിയിരുന്നു. ഷാര്‍ക്​ പവര്‍ മറൈന്‍ എന്ന കമ്ബനിക്ക്​ കപ്പല്‍ വില്‍ക്കുകയാണെന്നും അതില്‍ നിന്ന്​ ലഭിക്കുന്ന തുകയില്‍ നിന്ന്​ ശമ്ബള കുടിശിഖ നല്‍കാമെന്നും അറിയിച്ചു. ഇതനുസരിച്ച്‌​ സീ​െഫയറേഴ്​സ്​ ചാരിറ്റി വഴി രണ്ട്​ ചെക്ക്​ കൈമാറുകയും ചെയ്​തിട്ടുണ്ട്​. 1,65,000 ഡോളര്‍ നല്‍കാമെന്നാണ്​ കരാര്‍. ശമ്ബളയിനത്തില്‍ കിട്ടാനുള്ള തുകയുടെ 70 ശതമാനം മാത്രമാണ്​ ഇതെങ്കിലും ജീവനക്കാര്‍ സമ്മതിക്കുകയായിരുന്നു. ഇവരെ രണ്ടാഴ്​ചക്കുള്ളില്‍ കപ്പലില്‍ നിന്നിറക്കി പ്രിയപ്പെട്ടവരുടെ അടുക്കലേക്ക്​ എത്തിക്കാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നത്​. അടുത്ത മാസം പകുതിയോടെ കപ്പല്‍ മാറ്റാമെന്നും അറിയിച്ചിട്ടുണ്ട്​.