കാസര്‍ഗോഡ് : കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര അവസാനിക്കുന്നതോടെ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. അഴിമതി വിരുദ്ധം, പ്രീണനവിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് യാത്ര. ഞായറാഴ്ച വൈകിട്ട് കാസര്‍ഗോഡ്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും എം.ടി.രമേശ് പറഞ്ഞു.

അതേസമയം പി.സ്.സി. ഉദ്യോഗാര്‍ത്ഥികളുടെ സമരം യുഡിഎഫ് – എല്‍ഡിഎഫ് സര്‍ക്കാരുകളുടെ സൃഷ്ടിയാണെന്നും എം.ടി.രമേശ് പറഞ്ഞു. 10 വര്‍ഷമായി താത്കാലികക്കാരെ നിയമിക്കാന്‍ സര്‍ക്കാരുകള്‍ മത്സരിക്കുകയായിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് സര്‍ക്കാരിന്‍്റെ വീഴ്ചയാണെന്നും എം.ടി.രമേശ് വ്യക്തമാക്കി.

ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാവാത്തത് മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ വസ്തുതാ വിരുദ്ധമായതിനാലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫുകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ അനുമതി നല്‍കിയത് നിയമ വിരുദ്ധമായാണ്. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് ജനാധിപത്യത്തിലേക്ക് ഇറങ്ങിവരണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.